-->
ചെറുതോണി: ഇടുക്കി ജില്ലാ ആസ്‌ഥാനത്ത് അപൂര്‍വ വന്യജീവിയായ സിംഹവാലന്‍ കുരങ്ങിനെ കണ്ടത് നാട്ടുകാരില്‍ കൗതുകവും ആശങ്കയും സൃഷ്‌ടിച്ചു. ഉള്‍വനങ്ങളില്‍ മാത്രം താമസിക്കുന്നതായി അറിയപ്പെടുന്ന സിംഹവാലന്‍ കുരങ്ങ് മനുഷ്യസാ ന്നിധ്യമുള്ള പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത് അപൂര്‍വ സംഭവമായാണ് വിലയിരുത്തുന്നത്.
സാധാരണയായി കാടുകളുടെ ഉയര്‍ന്ന മരച്ചില്ലകളിലാണ് ഇവയെ കാണാറുള്ളത്. മനുഷ്യവാസ മേഖലകളില്‍നിന്ന് മാറിനില്‍ക്കുന്നതാണ് ഇവയുടെ സ്വഭാവം. അതിനാല്‍ ജില്ലാ ആസ്‌ഥാനത്തിനടുത്ത് ഇവ പ്രത്യക്ഷപ്പെട്ടത് ഏറെ ശ്രദ്ധേയമായി.
കറുത്ത ശരീരവും മുഖത്തിന് ചുറ്റുമുള്ള വെള്ളച്ചാര നിറത്തിലുള്ള സിംഹമുടിപോലുള്ള രോമവളര്‍ച്ചയും നീളമുള്ള വാലിന്റെ അറ്റത്ത് നീളമുള്ള രോമകൂട്ടവും സിംഹവാലന്‍ കുരങ്ങുകളുടെ പ്രധാന പ്രത്യേകതകളാണ്. കൂടുതലായും മരങ്ങളുടെ മുകളിലൂടെയാണ് ഇവ സഞ്ചരിക്കുന്നത്. നിലത്തേക്ക് ഇറങ്ങുന്നത് വളരെ അപൂര്‍വമാണ്. അപൂര്‍വവും സംരക്ഷിതവുമായ ഇനം പശ്‌ചിമഘട്ടത്തിലെ എവര്‍ഗ്രീന്‍ വനങ്ങളിലാണ് സിംഹവാലന്‍ കുരങ്ങുകളുടെ പ്രധാന ആവാസവ്യവസ്‌ഥ. ലോകപ്രകൃതി സംരക്ഷണ സംഘടന ഇവയെ വംശനാശ ഭീഷണി നേരിടുന്ന ഇനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ പ്രധാനമായും സൈലന്റ് വാലി ദേശീയോദ്യാനം, ആനമലച്ചോല വനമേഖല, പെരിയാര്‍ കടുവാ സംരക്ഷണകേന്ദ്രം എന്നിവിടങ്ങളിലാണ് ഇവയെ അപൂര്‍വമായി കണ്ടുവരുന്നത്. വന്യജീവി വിദഗ്‌ധര്‍ പറയുന്നതനുസരിച്ച്, വനപ്രദേശങ്ങളുടെ ചുരുങ്ങല്‍, ആവാസവ്യവസ്‌ഥയിലെ മാറ്റങ്ങള്‍, ഭക്ഷ്യലഭ്യതയിലെ കുറവ് സ്വാഭാവിക സഞ്ചാരപാതകളിലെ വ്യതിയാനം ഇവ കാരണം വന്യജീവികള്‍ സമീപ പ്രദേശങ്ങളിലേക്ക് കടന്നു വരാന്‍ സാധ്യതയുണ്ട്. അടുത്തിടെ ഇടുക്കിയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
ഇത് വന്യജീവികളും മനുഷ്യവാസമേഖലകളും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതിന്റെ സൂചനയായാണ് കാണുന്നത്. ഇവയ്‌ക്ക് ഭക്ഷണം കൊടുക്കരുതെന്നും, ശല്യം ചെയ്യരുതെന്നും, അടുത്ത് പോകരുതെന്നുംഇവയെ കണ്ടാല്‍ ഉടന്‍ വനവകുപ്പിനെ ഉടനറിയിക്കണമെന്നും വനവകുപ്പ് അധികൃതര്‍ പറയുന്നു.
ജില്ലാ ആസ്‌ഥാനത്ത് ഇതുവരെ രണ്ട് സിംഹവാലന്‍ കുരങ്ങളുകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.