-->
ഇടമലക്കുടി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ. ആര്‍) നടപ്പാക്കുന്നതില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്നും നിശ്‌ചയിച്ചതിനേക്കാള്‍ രണ്ട് ദിവസം മുന്‍പേ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടു പ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ ഇടമലക്കുടി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. നാളെ എസ്. ഐ. ആര്‍ നടപടികള്‍ തീര്‍ക്കാനാണ് നിശ്‌ചയിച്ചിരുന്നതെങ്കിലും രണ്ടുദിവസം മുന്‍പേ പൂര്‍ത്തീകരിക്കും. 21 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും വോട്ടര്‍മാര്‍ക്ക് ബി.എല്‍.ഒ മാരെയോ ഇ. ആര്‍. ഒ മാരെയോ സമീപിക്കാം. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാലും നിയമസഭാ തെരഞ്ഞെടു പ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ തലേദിവസം വരെ പേര് ഉള്‍പ്പെടുത്താന്‍ കഴിയും. 62 നിയമസഭാ മണ്ഡലങ്ങളില്‍ എസ്.ഐ.ആര്‍ ഹിയറിംഗ് മുഴുവനായും പൂര്‍ത്തീകരിച്ചു. ദേവികുളം നിയോജകമണ്ഡലത്തിലും മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഇടമലക്കുടിയിലും ഹിയറിംഗ് കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.
ഹിയറിംഗില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നാണ് ഇടമലക്കുടിയിലെ വോട്ടര്‍മാര്‍ അറിയിച്ചത്. വോട്ടര്‍മാരും ബി.എല്‍. ഒമാരും രാഷ്‌ട്രീയ പാര്‍ട്ടികളും ഇലക്ഷന്‍ വിഭാഗത്തിന് നല്ല പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇഡലി പ്പാറക്കുടി, സൊസൈറ്റിക്കുടി, മീന്‍കുത്തിക്കുടി, അമ്പലപ്പടിക്കുടി ഉന്നതികളിലെ നിവാസികളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംസാരിച്ചു. അമ്പലപ്പടിക്കുടി ഉന്നതിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 90 വയസുള്ള ദൊരസ്വാമിയുടെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. വോട്ടു ചെയ്യുന്നതിന് മുടക്കം വരുത്തരുതെന്നും മറ്റുള്ളവരെയും സമ്മതിദാന അവകാശം നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കണമെന്നും ദൊരസ്വാമിയെ അദ്ദേഹം ഓര്‍മിപ്പിച്ചു. പഞ്ചായത്തിലെ പോളിംഗ് ബൂത്തായ ഇടമലക്കുടി ഗവ. ട്രൈബല്‍ യു.പി സ്‌കൂളിലെ ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി. തുടര്‍ന്ന് ദേവികുളം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മൂന്നാര്‍ ഗവ. വി.എച്ച്. എസ്. എസ് ആന്റ് ടി.ടി.ഐയും അദ്ദേഹം സന്ദര്‍ശിച്ചു. ദേവികുളം സബ് കലക്‌ടര്‍ ആര്യ വി.എം, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ സുജ വര്‍ഗീസ്, മൂന്നാര്‍ ഡിവൈഎസ്.പി: എസ്. ചന്ദ്രകുമാര്‍, ദേവികുളം തഹസീല്‍ദാര്‍ ജി. അജേഷ്, റേഞ്ച് ഫോറസ്‌റ്റ് ഓഫീസര്‍ കെ. അഭിലാഷ്, സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ മുരളി. കെ ജി എന്നിവരും ഒപ്പമുണ്ടായിരുന്നു.