-->
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്‌തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് എറണാകുളം ജില്ലയില്‍ സമാധാനപരവും പൂര്‍ണവുമായിരുന്നു.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്‌ഥാപിക്കുക, കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് പകരം കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്ന വിത്ത് ബില്‍ പിന്‍വലിക്കുക, വൈദ്യുതി ബില്‍ പിന്‍വലിക്കുക, ആണവ വൈദ്യുതി ഉത്‌പാദനം സ്വകാര്യവല്‍ക്കരിക്കുന്ന ശാന്തി ബില്‍ പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപ പങ്കാളിത്തം ഉപേക്ഷിക്കുക, പൊതുമേഖല ഓഹരി വില്‍പനയും ആസ്‌തി വില്‍പനയും അവസാനിപ്പിക്കുക, തുല്യജോലിക്ക് തുല്യവേതനം നല്‍കുക, നിശ്‌ചിതകാല തൊഴില്‍ തള്ളിക്കളയുക, കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, തൊഴില്‍ സ്‌ഥിരത ഉറപ്പു വരുത്തുക, തൊഴിലാളി വിരുദ്ധമായ 2021 ലെ എച്ച്.ആര്‍ പോളിസി പിന്‍വലിക്കുക, തൊഴിലാളികള്‍ക്ക് ന്യായമായ പെന്‍ഷന്‍ അനുവദിക്കുക, കര്‍ഷകരെ ദ്രോഹിക്കുന്ന നിയമഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യയിലെ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ സംയുക്‌തമായാണ് ദേശീയ പണിമുടക്ക് സംഘടിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തിലിറങ്ങിയില്ല. കൊച്ചിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ എം.ജി റോഡ്, ബ്രോഡ്‌വേ, ഇടപ്പള്ളി എന്നിവിടങ്ങളിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ 90 ശതമാനം ജീവനക്കാരും ജോലിയില്‍ നിന്നു വിട്ടു നിന്നു. കൊച്ചിന്‍ പോര്‍ട്ട്, വ്യവസായ മേഖലയായ ഏലൂര്‍, ഐ.ടി പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. ഇന്‍ഫോപാര്‍ക്ക് പോലുള്ള ഐ.ടി മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നതിനാല്‍ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍, പത്രം തുടങ്ങിയ അത്യാവശ്യ വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയത് ആശ്വാസമായി. ജില്ലയില്‍ ഒരിടത്തും അനിഷ്‌ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പ്രധാന കവലകളിലും മറ്റും പോലീസ് സുരക്ഷ ശക്‌തമാക്കിയിരുന്നു. പണിമുടക്കിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളില്‍ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു. ലേബര്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.അതേസമയം, കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സാധാരണരീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ നഗരത്തിനുള്ളില്‍ കാര്യമായ ഗതാഗതപ്രശ്‌നം ഉണ്ടായില്ല. അങ്കമാലിയില്‍ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ് സമരക്കാര്‍ തടഞ്ഞ് സര്‍വീസ് മുടക്കിയത് ഒഴിച്ചാല്‍ മറ്റ് അനിഷ്‌ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പെരുമ്പാവൂരില്‍ ചില ബാങ്കുകളുടെ ശാഖകള്‍ സമര അനുകൂലികള്‍ അടപ്പിച്ചു. കാക്കനാട് സ്വകാര്യ വാഹനങ്ങള്‍ രാവിലെ ചിലര്‍ തടഞ്ഞു. ടൂറിസം മേഖല നിശ്‌ചലമായി. അന്യസംസ്‌ഥാന സര്‍വീസുകളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബസ്സുകള്‍ എത്താതിരുന്നപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ ബസ്സുകള്‍ കേരളത്തിലേക്ക് വന്നു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കും തടസം ഉണ്ടായില്ല. പണിമുടക്കിനോട് അനുബന്ധിച്ചു സര്‍വകലാശാല ക്യാമ്പസില്‍ ജീവനക്കാരുടെ പ്രകടനം നടന്നു. എറണാകുളത്ത് ബോട്ട്‌ജെട്ടിയില്‍ ചേര്‍ന്ന യോഗം സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. കെ.എന്‍.ഗോപി അദ്ധ്യക്ഷനായ യോഗത്തില്‍ പി.ആര്‍.മുരളീധരന്‍ സ്വാഗതം പറഞ്ഞു. തമ്പാന്‍ തോമസ്, കെ.ചന്ദ്രന്‍പിള്ള, ടോമി മാത്യു, ബിജു തേറാട്ടില്‍, കെ.എസ്.കൃഷ്‌ണകുമാര്‍, ടി.സി.സഞ്‌ജിത്, അമല്‍സോഹന്‍, ആശിഷ്.എസ്.ആനന്ദ്, ടി.മായാദേവി, സുനില്‍കുമാര്‍, സി.കെ.മണിശങ്കര്‍, എം.പി.രാധാകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.മനോജ് നന്ദി പറഞ്ഞു. ജില്ലയില്‍ 22 കേന്ദ്രങ്ങളില്‍ സമരകൂട്ടായ്‌മ സംഘടിപ്പിച്ചു.
പറവൂര്‍ ടൗണില്‍ ചേര്‍ന്ന യോഗം കിസാന്‍സഭ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.എം.ദിനകരന്‍ ഉദ്‌ഘാടനം ചെയ്‌തു.പി.കെ.സോമന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ എം.ആര്‍ ശോഭനന്‍ സ്വാഗതം പറഞ്ഞു. എസ്.ശര്‍മ്മ, ടി.ആര്‍.ബോസ്, ടി.വി.നിഥിന്‍ എന്നിവര്‍ സംസാരിച്ചു.
അമ്പലമുകളില്‍ നടന്ന യോഗം കെഎസ്‌കെടിയു സംസ്‌ഥാന ട്രഷറര്‍ സി.ബി.ദേവദര്‍ശനന്‍ ഉദ്‌ഘാടനം ചെയ്‌തു. എം.കെ.വിശ്വപ്പന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ എം.വൈ.കുര്യച്ചന്‍ സ്വാഗതം പറഞ്ഞു. എം.ജി.അജി, എന്‍.കെ.ജോര്‍ജ്‌ജ്, എന്‍.ജി.സുജിത്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തോപ്പുംപടിയില്‍ നടന്ന യോഗം പി.എസ്.ആഷിഖ് ഉദ്‌ഘാടനം ചെയ്‌തു. കെ.എ.എഡ്വിന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ കെ.സുരേഷ് സ്വാഗതം പറഞ്ഞു. കെ.ജെ.മാക്‌സി എംഎല്‍എ, കെ.എം.റിയാദ്, സി.ഡി.നന്ദകുമാര്‍, കുമ്പളം രാജപ്പന്‍, വി.യു.ഹംസക്കോയ, അബ്‌ദുള്‍ ഖാദര്‍, വിജയകുമാര്‍, എം.കെ.അഭി, സി.എസ്.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
കാക്കനാട് ചേര്‍ന്ന യോഗം സിഐടിയു ജില്ലാ ട്രഷറര്‍ സി.കെ.പരീത് ഉദ്‌ഘാടനം ചെയ്‌തു. എ.പി.ഷാജി അദ്ധ്യക്ഷനായ യോഗത്തില്‍ എം.എ.മോഹനന്‍ സ്വാഗതം പറഞ്ഞു. എ.ആര്‍.രഞ്‌ജിത്, സോണി കോമത്ത്, കെ.ടി.എല്‍ദൊ, വി.എന്‍.സതീശന്‍ എന്നിവര്‍ സംസാരിച്ചു.
സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ ചേര്‍ന്ന യോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.അരുണ്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സതിമോള്‍ അദ്ധ്യക്ഷയായ യോഗത്തില്‍ സി.ബിജുമോന്‍ സ്വാഗതം പറഞ്ഞു.
കൂത്താട്ടുകുളം ടൗണില്‍ ചേര്‍ന്ന യോഗം ഐഎന്‍എല്‍സി സംസ്‌ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു. സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായ യോഗത്തില്‍ ജീന സജീവന്‍ സ്വാഗതം പറഞ്ഞു. എ.എസ്.രാജന്‍, എം.എം.ഗോപി, എം.എം.അശോകന്‍ എന്നിവര്‍ സംസാരിച്ചു.
തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന യോഗം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി.സി.ഷിബു ഉദ്‌ഘാടനം ചെയ്‌തു.പി.വി.പ്രകാശന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ എസ്.മധുസൂദനന്‍ സ്വാഗതം പറഞ്ഞു.സി.ജെ.നന്ദകുമാര്‍, അ ല്‍ഫോന്‍സ,വേണുഗോപാല്‍ സി.ബി, എന്നിവര്‍ സംസാരിച്ചു.
കൊച്ചി റിഫൈനറി ബിപിസിഎല്‍ ഗേറ്റില്‍ ചേര്‍ന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ഹരികുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. എം.പി.മനോജ് അദ്ധ്യക്ഷനായി.
പിറവത്ത് നടന്ന യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. സി.എന്‍.സദാമണി അദ്ധ്യക്ഷനായ യോഗത്തില്‍ കെ.പി.സലിം സ്വാഗതം പറഞ്ഞു.