-->
കൊച്ചി: സര്‍ഗ പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദുവായി മനുഷ്യനെ കണ്ട കവി വയലാര്‍, ജീവിത പ്രേമത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും യുക്‌തിചിന്തയുടെയും ശാസ്‌ത്രബോധത്തിന്റെയും അടയാളവാക്കാണെന്ന് മഹാരാജാസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.സുമി ജോയി ഓലിയപ്പുറം പറഞ്ഞു.
ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വയലാര്‍ അനുസ്‌മരണചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തസ്സിദ്ധവും ധീരവും ആയ കാഴ്‌ചപ്പാട് പുലര്‍ത്തിയ വയലാര്‍ ഒരു മതസ്വാധീനത്തിനും വഴങ്ങാതെ നിര്‍ഭയനായി ശ്രീരാമനെയും സകല ദൈവങ്ങളെയും വരെ തന്റെ ശക്‌തമായ തൂലികയില്‍ വിമര്‍ശനശരത്തിനു വിധേയമാക്കി. അഹിംസ ഉള്‍പ്പടെയുള്ള ഗാന്ധിയന്‍ ആശയങ്ങളും അക്രമത്തോടുള്ള വിട്ടുവീഴ്‌ച്ചയില്ലായ്‌മയും നീതിക്ക് വേണ്ടിയുള്ള ത്വരയും വയലാര്‍ കവിതകളില്‍ ശക്‌തമായി പ്രതിഫലിച്ചിരുന്നുവെന്ന് ചടങ്ങില്‍ വയലാര്‍ കൃതികള്‍ അവതരിപ്പിച്ച് ഹരി ഏറ്റുമാന്നൂര്‍ ചൂണ്ടിക്കാട്ടി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.വി.പി കൃഷ്‌ണകുമാര്‍, ഡോ.ചന്ദ്രബിന്ദു, കെ.വി അനില്‍കുമാര്‍, എം.കെ ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.കെ.രാധാകൃഷ്‌ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേന്ദ്രന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ജോണ്‍സണ്‍ പി.ജോണ്‍ നന്ദിയും പറഞ്ഞു. വയലാര്‍ ഗാനങ്ങളുടെ ആലാപനവും നടന്നു.