-->
ചെങ്ങന്നൂര്‍: പാണ്ടനാട് വന്മഴിയില്‍ പാടശേഖരത്തിന് തീപിടിച്ചു. പാണ്ടനാട് മിത്രമഠത്തിന് തെക്ക് വന്മഴി ഊരയില്‍ കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള രണ്ടേക്കര്‍ പാടശേഖരത്തിനാണ് തീപിടിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാടുപിടിച്ചു കിടന്നിരുന്ന പാടശേഖരത്തില്‍ പടര്‍ന്ന തീ നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തരാക്കി.
തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടര്‍ന്ന് ചെങ്ങന്നൂരില്‍നിന്നും എത്തിയ ആറുപേരടങ്ങുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റ് അംഗങ്ങള്‍ നടത്തിയ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വന്‍ദുരന്തം ഒഴിവാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. രണ്ടേക്കറോളം വരുന്ന പാടശേഖരം വന്‍തോതില്‍ കാടുമൂടി കിടക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. കടുത്ത വേനല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും തീപിടിക്കാനുള്ള സാധ്യത കൂടു തലായതിനാല്‍ അഗ്നിരക്ഷാസേന ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.