-->
അമ്പലപ്പുഴ: ആരോഗ്യവകുപ്പ് മന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍ സിസ്‌റ്റത്തിന്റെ തകരാറായി ഒരു റോഡ്. ഇത് കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള പ്രധാന കവാടമാണ്. ഈ റോഡ് ആശുപത്രിയിലേക്ക് പോകുന്ന രോഗികളുടെയും യാത്രക്കാരുടെയും നടുവൊടിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.
എന്നിട്ടും ഇതിന് പരിഹാരം കാണേണ്ട അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളശുപത്രിയിലേക്കുള്ള ഈ റോഡ് മീറ്ററുകളോളം തകര്‍ന്നു കിടക്കുകയാണ്. പ്രധാന കവാടം മുതല്‍ ആശുപത്രിയുടെ സമീപം വരെ റോഡ് കുണ്ടും കുഴിയുമാണ്. ദിവസവും അന്യജില്ലകളില്‍ നിന്നടക്കം ആയിരക്കണക്കിന് രോഗികള്‍ വരുന്ന ആശുപത്രിയുടെ പ്രധാന കവാടത്തിനാണ് ഈ ദുരവസ്‌ഥ.
നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളും ആശുപത്രിക്കുള്ളില്‍ സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ മറ്റനേകം വാഹനങ്ങളും തകര്‍ന്നടിഞ്ഞ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ പെയ്‌ത മഴയില്‍ ഇതെല്ലാം ഒലിച്ചുപോയി. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയാണ് ദുരിതയാത്ര.
അത്യാസന്ന നിലയിലായ രോഗികളെയും ഗര്‍ഭിണികളെയും ആംബുലന്‍സിലോ മറ്റ് വാഹനങ്ങളിലോ അമിത വേഗതയില്‍ കൊണ്ടു വന്നാല്‍ വാഹനത്തില്‍ നിന്ന് തെറിച്ചു വീഴുന്ന അവസ്‌ഥയാണ്. ഇപ്പോള്‍ റോഡിന്റെ പല ഭാഗത്തും മെറ്റിലുകള്‍ മാത്രമാണുള്ളത്.
ഇപ്പോള്‍ അറ്റകുറ്റപ്പണിക്കായി അഞ്ച് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചെങ്കിലും ഇതിന്റെ കരാര്‍ ഏറ്റെടുക്കാന്‍ ആരുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്തായാലും സിസ്‌റ്റത്തിന്റെ തകരാറിന്റെ തെളിവായി മെഡിക്കല്‍ കോളജാശുപത്രിയിലേക്കുള്ള ഈ റോഡ് മാറിയിരിക്കുകയാണ്.