Friday, March 13, 2026 Last Updated 39 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.33 AM

ഹോംകോ: പ്രവര്‍ത്തനത്തിന്‌ ആവശ്യമായ അനുമതി ലഭിക്കാതെ നാലാംതവണയും ഉദ്‌ഘാടനം

uploads/news/2026/02/825251/4.jpg

മണ്ണഞ്ചേരി: തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കലവൂരിലെ ഹോമിയോ മരുന്നുനിര്‍മാണ ശാലയായ ഹോംകോയുടെ പുതിയ കെട്ടിടം നാലാം തവണയും ഉദ്‌ഘാടനം നടത്തുന്നു. കമ്പനി പ്രവര്‍ത്തനത്തിനാവശ്യമായ ഒരു രേഖകളും ലഭിച്ചിട്ടില്ലെങ്കിലും കെട്ടിടം വെള്ളയടിച്ച്‌ ഇന്ന്‌ വീണ്ടും ഉദ്‌ഘാടനം നടത്തും. അഞ്ചുവര്‍ഷം മുമ്പ്‌ നടത്തിയ മരുന്ന്‌ ഉല്‍പ്പാദന ഉദ്‌ഘാടനം തന്നെയാണ്‌ ഇത്തവണ വീണ്ടും നടത്തുന്നത്‌.
എം.എല്‍.എ പി.പി. ചിത്തരഞ്‌ജന്റെ അധ്യക്ഷതയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ്‌ ഉദ്‌ഘാടനം നടത്തുന്നത്‌. നേരത്തെ വിവിധ സര്‍ക്കാരുകളുടെ കാലത്തായി മൂന്നുതവണ ഉദ്‌ഘാടന പരിപാടികളാണ്‌ ഇവിടെ നടത്തിയത്‌. ഇതിനായി മാത്രം ലക്ഷക്കണക്കിന്‌ രൂപയാണ്‌ ചെലവാക്കിയത്‌. അഞ്ചുവര്‍ഷം മുമ്പും തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി മരുന്ന്‌ ഉല്‍പാദന ഉദ്‌ഘാടനം നടത്തിയിരുന്നു.
പിന്നീട്‌ ഒരു നടപടികളും ഉണ്ടായില്ലെന്ന്‌ മാത്രമല്ല കെട്ടിടത്തിന്‌ പഞ്ചായത്ത്‌ ലൈസന്‍സ്‌ പോലും ലഭിച്ചിട്ടില്ലത്രെ. നേരത്തെ ഉദ്‌ഘാടനം നടത്തിയിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതിരുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ഫാക്‌ടറിയുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ നിരീക്ഷണ സമിതി രൂപീകരിച്ചിരുന്നു. എം.എല്‍.എ, ജില്ലാ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികളും രാഷ്‌ട്രീയ പ്രതിനിധികളും ഉദ്യോഗസ്‌ഥരും അടങ്ങുന്നതായിരുന്നു സമിതി.
ഇവര്‍ എല്ലാ മാസവും ഇതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുവാനും ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ്‌ അടുത്ത പശ്‌ചാത്തലത്തില്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നാണ്‌ വീണ്ടും ഉദ്‌ഘാടനത്തിന്‌ തീരുമാനിച്ചിട്ടുള്ളത്‌. എന്നാല്‍ മലിനീകരണ നീയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പഞ്ചായത്ത്‌ പെര്‍മിറ്റ്‌ നല്‍കുകയുള്ളൂ. ഇതിനായി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ ഇതിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്‌. ഇത്‌ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. പഞ്ചായത്ത്‌ പെര്‍മിറ്റ്‌ ലഭിച്ചാല്‍ മാത്രമേ മരുന്ന്‌ ഉല്‍പാദനത്തിനുള്ള ഡ്രഗ്‌ ലൈസന്‍സ്‌ ലഭിക്കൂ.
ഇത്‌ ലഭിച്ചശേഷം മാത്രമേ സ്‌പിരിറ്റ്‌ വാങ്ങി സംഭരിക്കുന്നതിന്‌ അനുമതി ലഭിക്കൂ. കൂടാതെ ഫാക്‌ടറി ലൈസന്‍സും ആവശ്യമാണ്‌. ഇവയൊന്നുമില്ലാതെ വീണ്ടും നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണ്‌ വീണ്ടും ഉദ്‌ഘാടന പരിപാടിയുമായി ഇറങ്ങിയിട്ടുള്ളതെന്ന്‌ വ്യാപക ആക്ഷേപമുണ്ട്‌.
നേരത്തെ കെ.എസ്‌.ഡി.പി യുടെ ഉടമസ്‌ഥതയിലുണ്ടായിരുന്ന സ്‌ഥലത്താണ്‌ ഒരു ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ളതും രാജ്യത്തെ തന്നെ ഏറ്റവും വലിയതുമായ ഹോമിയോ മരുന്ന്‌ ഉല്‍പാദന ഫാക്‌ടറി കെട്ടിടം നിര്‍മിച്ചിട്ടുള്ളത്‌. 21 കോടി രൂപ ചിലവഴിച്ചാണ്‌ കെട്ടിടം നിര്‍മിച്ചത്‌. ഇവിടുത്തേ ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ക്കും മറ്റുമായി 31.8 കോടി രൂപയാണ്‌ കണക്കാക്കിയിരുന്നത്‌.

Ads by Google
Advertisement
Friday 13 Feb 2026 09.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW