Friday, March 13, 2026 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.32 AM

എടത്വായില്‍ ഹര്‍ത്താല്‍ പ്രതീതി

എടത്വാ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്‌ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്ക്‌ എടത്വായില്‍ ഹര്‍ത്താല്‍ പ്രതീതിയില്‍. കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ - പൊതുമേഖല സ്‌ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ തുറന്ന്‌ പ്രവര്‍ത്തിച്ചില്ല. നിര്‍മ്മാണ മേഖലയിലും തൊഴില്‍ശാലകളിലും തൊഴിലാളികള്‍ എത്തിയില്ല.
ബുധനാഴ്‌ച അര്‍ധരാത്രിയോട്‌ കൂടിയാണ്‌ പണിമുടക്ക്‌ ആരംഭിച്ചത്‌. കെ.എസ്‌.ആര്‍.ടി.സി എടത്വാ ഡിപ്പോയില്‍ നിന്ന്‌ അടിയന്തിര സര്‍വീസ്‌ പോലും നടത്തിയില്ല. പ്രതിദിനം 22 ഷെഡ്യൂള്‍ഡുകളാണ്‌ പ്രതിദിനം എടത്വാ ഡിപ്പോയില്‍ നിന്ന്‌ നടത്താറുള്ളത്‌. ഓട്ടോ, ടാക്‌സി, ലോറി ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുത്തു.
എടത്വാ, തലവടി, തകഴി പഞ്ചായത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു. ഏതാനും മെഡിക്കല്‍ സ്‌റ്റോര്‍ മാത്രമാണ്‌ തുറന്ന്‌ പ്രവര്‍ത്തിച്ചത്‌. ഇന്നലെ വൈകിയും കടകള്‍ തുറന്നിരുന്നില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ ഒഴിച്ച്‌ മറ്റൊരു വാഹനങ്ങളും നിരത്തില്‍ ഇറങ്ങിയില്ല.
സര്‍ക്കാര്‍ - എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കില്ലെങ്കിലും പഠനം നടന്നില്ല. അധ്യാപകരും അനധ്യാപകരും പണിമുടക്കില്‍ പങ്കെടുത്തു. സ്വകാര്യ മാനേജ്‌മെന്റ്‌ സ്‌കൂളിന്‌ ബുധനാഴ്‌ച തന്നെ അവധി നല്‍കിയിരുന്നു. സര്‍ക്കാര്‍ - പൊതുമേഖല സ്‌ഥാപനങ്ങളില്‍ ജീവനക്കാര്‍ എത്താതിരുന്നതോടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നു. ബാങ്കുകളുടെ അവസ്‌ഥയും വ്യത്യസ്‌ഥമല്ല. സ്വകാര്യ ബാങ്കുകളുടെയും ദേശസാത്‌കൃത ബാങ്കുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.
ഏതാനും പോസ്‌റ്റോഫീസുകള്‍ തുറന്നെങ്കിലും പ്രവര്‍ത്തനം നടന്നില്ല. ഗ്രാമീണ മേഖലയിലും പൊതുപണിമുടക്ക്‌ ഏറെ ബാധിച്ചിരുന്നു. നിര്‍മാണ- കാര്‍ഷിക മേഖലകളിലെ തൊഴിലാളികള്‍ പണിക്കിറങ്ങിയില്ല. ചെറുകിട മില്ലുകള്‍, കുടുംബശ്രീ യൂണിറ്റുകളുടെ സംരംഭ മേഖല എന്നിവയുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു. സംഘടനകളുടെ നേതൃത്വത്തില്‍ കോര്‍ണര്‍ യോഗങ്ങളും നടത്തി.
അവശ്യ സര്‍വ്വീസുകളായ ആശുപത്രി, പാല്‍, പത്രം, വിവാഹയാത്ര, ചരമ സംബന്ധമായ യാത്രകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. പൊതു നിരത്തുകളില്‍ സ്വകാര്യ വാഹന കുറഞ്ഞതിനാല്‍ പൊതുജനങ്ങളും പുറത്തിറങ്ങാന്‍ മടിച്ചിരുന്നു. യാത്ര കഴിവതും ഒഴിവാക്കി വീടുകളില്‍ ചിലവഴിച്ചാണ്‌ ഇന്നലെ പകല്‍ കടന്നുപോയത്‌. പൊതുപണിമുടക്കിന്‌ ആഹ്വാനം ചെയ്‌തെങ്കിലും ഹര്‍ത്താലിന്റെ പ്രതീതിയാണ്‌ എങ്ങും പ്രകടമായത്‌.

Ads by Google
Advertisement
Friday 13 Feb 2026 09.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW