Wednesday, March 11, 2026 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 04.46 AM

മൈക്രോ പ്ലാസ്‌റ്റിക്‌ സാന്നിധ്യം; കബനിയും അശുദ്ധമാക്കപ്പെടുന്നു

uploads/news/2026/02/825240/2.jpg

പുല്‍പ്പള്ളി: കബനിനദിയുടെ ആരോഗ്യത്തിനു ഭീഷണിയായി കബനിയിലും വിവിധ കൈവഴികളിലെയും ജലാശയത്തില്‍ മൈക്രോപ്ലാസ്‌റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. മാനന്തവാടി മേരി മാതാ കോളജ്‌ ജന്തുശാസ്‌ത്ര വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തിലാണു കബനി നദിയുടെ കൈവഴികളില്‍ മൈക്രോപ്ലാസ്‌റ്റിക്‌ സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുള്ളത്‌. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നടത്തിയ മറ്റൊരു പഠനത്തില്‍, നദിയില്‍ അപകടകരമായി ആല്‍ഗകളുടെ അമിതവളര്‍ച്ചയും (ആല്‍ ഗെല്‍ ബ്ലൂം പ്രതിഭാസം) കണ്ടെത്തിയിരുന്നു. ആല്‍ഗെല്‍ ബ്ലൂമിനു പിന്നാലെ മൈക്രോപ്ലാസ്‌റ്റിക്‌ സാന്നിധ്യവും കണ്ടെത്തിയതു കബനി നദിയുടെ പാരിസ്‌ഥിതിക ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്‌. പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍, കോസ്‌മെറ്റിക്‌ ഉല്‍പന്നങ്ങള്‍, ടൂത്ത്‌ പേസ്‌റ്റ് തുടങ്ങിയ വ്യാവസായിക ഉല്‍പന്നങ്ങളുടെ വിഘടനത്തിലൂടെ രൂപപ്പെടുന്ന ചെറിയ പ്ലാസ്‌റ്റിക്‌ കണികകളാണു മൈക്രോപ്ലാസ്‌റ്റിക്കുകള്‍. അനിയന്ത്രിതമായി മാലിന്യം തള്ളുന്നതിലൂടെയും കൃഷിയിടങ്ങളില്‍ നിന്നുള്ള രാസവളങ്ങള്‍ ഒഴുകിയെത്തുന്നതിനാലുമുള്ള ആല്‍ഗെല്‍ ബ്ലൂം പ്രതിഭാസവും മൈക്രോപ്ലാസ്‌റ്റിക്‌ സാന്നിധ്യവും കബനി നദിയുടെ ആവാസവ്യവസ്‌ഥയില്‍ ഗുരുതരമായ മാറ്റങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ്‌ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. ഡോ. സനു വി. ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള പഠനത്തില്‍, പനമരം, മാനന്തവാടി പുഴകള്‍ ചേരുന്ന കൂടല്‍ക്കടവ്‌ ഭാഗത്താണ്‌ മൈക്രോപ്ലാസ്‌റ്റിക്കിന്റെ സാന്നിധ്യം ഏറ്റവും കൂടുതലായി കണ്ടെത്തിയിട്ടുള്ളത്‌. കുറവ്‌ തിരുനെല്ലി, ബേഗൂര്‍ ഭാഗങ്ങളിലുമാണ്‌. മൈക്രോപ്ലാസ്‌റ്റിക്കുകള്‍ ജലസ്രോതസുകളില്‍ കലരുന്നതോടെ ചെറു ജലജീവികള്‍ അവയെ ആഹാരമാക്കുകയും അതുവഴി ഉയര്‍ന്ന ഭക്ഷ്യശൃംഖലകളിലേക്ക്‌ എത്താനും സാധ്യതയേറയാണു. ഇതുവഴി മനുഷ്യരടക്കമുള്ള ജീവികളിലേക്കും പ്ലാസ്‌റ്റിക്‌ കണികകള്‍ എത്തപ്പെടുന്നു. ആല്‍ഗകളുടെ അമിതമായ വളര്‍ച്ച ജലാശയത്തിലെ ഓക്‌സിജന്റെ അളവ്‌ കുറക്കുന്നു. ഇതുമൂലം മത്സ്യങ്ങള്‍ക്കും മറ്റ്‌ ജല ജീവികള്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്‌ഥ സംജാതമാവുകയും ചെയ്ുന്നു. മൈക്യരോ പ്ലാസ്‌റ്റിക്കുകള്‍ ജലജീവികളുടെ ദഹനവ്യവസ്‌ഥയെയും പ്രത്യുല്‍പാദനത്തെയും പ്രതികുലമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം മാലിന്യങ്ങള്‍ ജലത്തിന്റെ ഗുണനിലവാരം നശിപ്പിക്കുകയും തുടര്‍ന്നു കുടിവെള്ള വിതരണത്തെ ബാധിക്കുകയും ചെയ്യുന്നു. നദിയുടെ ആവാസ വ്യവസ്‌ഥയുടെ സന്തുലിതാവസ്‌ഥ തകരുന്നതിലൂടെ ജൈവവൈവിധ്യത്തെത്തയും ഇല്ലാതാക്കാന്‍ കാരണമാകുന്നു. കബനി നദിയിലെ മലിനീകരണതോത്‌ ദിനംപ്രതി കൂടുന്നതിനാല്‍ സ്‌ഥിതി ആശങ്കാജനകമാണെന്നു ഡോ. സനു പറഞ്ഞു. കോളജിലെ ഗവേഷണ വിദ്യാര്‍ഥിനി ശ്രുതി രാജീവന്‍, റിസര്‍ച്ച്‌ ഇന്റേണ്‍ അലിന്‍ഡ ഷാജി എന്നിവരോടൊപ്പം കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരായ ഡോ. ജോര്‍ഫൈന്‍ ജോസഫ്‌, ഡോ. ലതിക സിസിലി തോമസ്‌, ഡോ. ഐശ്വര്യ പുരുഷോത്തമന്‍, നിര്‍മലഗിരി കോളജിലെ ഡോ. ജിംഷി സി. ജേക്കബ്‌ എന്നിവരും പഠനത്തില്‍ പങ്കാളികളായിരുന്നു. സമഗ്രമായ ബോധവല്‍ക്കരണത്തിലൂടെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ശീലം ഒഴിവാക്കുകയും കൂടുതല്‍ കര്‍ശനമായ നിയമങ്ങളിലൂടെ തടയിടുകയും ചെയ്യണം. തദ്ദേശസ്‌ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണം. ആധുനിക സംവിധാനങ്ങളിലുടെ മലിനമാക്കപ്പെടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി മാലിന്യനിക്ഷേപകര്‍ക്കെതിരെ നടപടി കര്‍ശനമാക്കുകയും വേണം.

Ads by Google
Advertisement
Friday 13 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW