-->
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് വയനാട്ടില്‍ പൂര്‍ണമായിരുന്നു. രാവിലെ കല്‍പ്പറ്റ നഗരത്തില്‍ സ്വിഫ്‌റ്റ് ബസും, ചരക്കു വാഹനങ്ങളും, ടാക്‌സി വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു. എന്നാല്‍ ദീര്‍ഘ ദൂര വാഹനങ്ങള്‍ കടത്തി വിട്ടു.
പണിമുടക്കിനോടനുബന്ധിച്ച് ജില്ലയില്‍ എവിടെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കടകമ്പോളങ്ങളും പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. പണിമുടക്കിനെത്തുടര്‍ന്ന് വയനാട്ടിലെ തോട്ടം മേഖലയും ടൂറിസം മേഖലയും പൂര്‍ണ്ണമായും നിശ്‌ചലമായി. പൊതുഗതാഗതവും പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ദേശീയ പണിമുടക്കിനോടനുബന്ധിച്ചു ജില്ലയുടെ വിവിധ ടൗണുകളിലും ടാക്‌സി, ബസ് ഗതാഗത വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഓഫിസുകളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. പണിമുടക്കിന്റെ ഭാഗമായി കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.
കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് കൂട്ടായി ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്‌ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന്‍ സംസാരിച്ചു. മാനന്തവാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് സിഐടിയു അഖിലേന്ത്യ ജനറല്‍ കൗണ്‍സില്‍ അംഗം പി.വി. സഹദേവന്‍ നേതൃത്വം നല്‍കി.
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ദേശീയ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത പണിമുടക്കിന്റെ ഭാഗമായി യു.ഡി.ടി.എഫിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും ധര്‍ണയും നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്‌ഘാടനം ചെയ്‌തു.
29 തൊഴില്‍ നിയമങ്ങളെ നാല് ലേബര്‍ കോഡുകളാക്കി തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയുമാണ് കേന്ദ്ര സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി. മൊയ്‌തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ബി. സുരേഷ് ബാബു, ഗിരീഷ് കല്‍പ്പറ്റ, ഒ. ഭാസ്‌കരന്‍, മോഹന്‍ദാസ് കോട്ടകൊല്ലി, ഹര്‍ഷല്‍ കോന്നാടന്‍, ഷമീര്‍ ഒടുവില്‍, സെബാസ്‌റ്റ്യന്‍ കല്‍പ്പറ്റ, എം.പി. ബാപ്പു, ആര്‍. ഉണ്ണിക്കൃഷ്‌ണന്‍, അസീസ് കുരുവില്‍, എസ്. മണി, രമേശ് മാണിക്യന്‍, വിഷ്‌ണു മേപ്പാടി, മുഹമ്മദ് ഫെബിന്‍, ഷബീര്‍ പുത്തൂര്‍വയല്‍ പ്രസംഗിച്ചു.