-->
കോഴിക്കോട്: ചൂട് കനക്കാന്‍ തുടങ്ങിയതോടെ ജില്ലയില്‍ തീപിടിത്ത കേസുകളും ക്രമാതീതമായി വര്‍ധിക്കുന്നതായി അഗ്നിരക്ഷാ സേന. ജനുവരിയില്‍ മാത്രം ജില്ലയില്‍ 160 തീപിടിത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മീഞ്ചന്ത ഫയര്‍ സ്‌റ്റേഷന് കീഴിലാണ്, 40 എണ്ണം. ഏറ്റവും കുറവ് കൊയിലാണ്ടിയിലുമാണ്. 13 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തത്. മുക്കം 18,വെള്ളിമാട്‌കുന്ന് 14,ബീച്ച് 23,നരിക്കുനി 16,വടകര 15,നാദാപുരം 09,പേരാമ്പ്ര 12,എന്നിങ്ങനെയാണ് വിവിധ ഫയര്‍ സ്‌റ്റേഷനുകള്‍ക്ക് കീഴില്‍ റിപ്പോര്‍ട്ട് ചെയ്‌ത കേസുകളുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും താരതമ്യം ചെയ്യുമ്പോള്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റബര്‍ തോട്ടങ്ങള്‍, പുരയിടങ്ങള്‍, പുകപ്പുരകള്‍, പാടശേഖരങ്ങള്‍, വ്യാപാര സ്‌ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ തീപ്പിടിത്തം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മലയോര മേഖലകളിലെ റബര്‍ തോട്ടങ്ങളിലാണ് കൂടുതല്‍ തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുന്നുകളിലും പാടശേഖരങ്ങളിലും തീ പടരുന്നത് പതിവാണ്. കരിയിലകള്‍ക്ക് അടിച്ചുകൂട്ടി തീയിടുന്നതും പലപ്പോഴും വലിയ തീപ്പിടിത്തത്തിന് കാരണമാകുന്നുണ്ട്. അതിനാല്‍ ഇക്കാര്യം ചെയ്യുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധവ് ആശങ്കപ്പെടുത്തുന്നതാണ്. ഇപ്പോഴുണ്ടാവുന്ന മിക്ക തീപിടുത്തങ്ങളും തീ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതില്‍ നിന്നുണ്ടാവുന്നതാണ്.
വലിച്ചെറിയുന്നൊരു ബീഡിക്കുറ്റിയില്‍നിന്ന് പോലും വന്‍ അഗ്നിബാധയ്‌ക്ക് വഴിയൊരുക്കാമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നു. അതേസമയം, മുന്‍കരുതലുകള്‍ എടുത്താല്‍ വലിയൊരു ശതമാനം വരേ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം.
ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്‌ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. ഓഫീസുകളില്‍ വെന്റിലേഷന്‍ സൗകര്യം ഉറപ്പുവരുത്തുകയും ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് പ്രാഥമിക അഗ്നിരക്ഷാ പരിശീലനം നല്‍കുകയും ചെയ്യണം. ഒരു വൈദ്യുതി പ്ലഗ് പോയിന്റില്‍ നിന്ന് ഒന്നിലധികം കണക്ഷനുകള്‍ എടുക്കരുത്. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. ബീഡി, സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുകയും വിളക്കുകള്‍, അടുപ്പുകള്‍ എന്നിവയ്‌ക്ക് സമീപം കടലാസ്, വിറക്, മണ്ണെണ്ണ തുടങ്ങി തീപിടിത്ത സാധ്യതയുള്ള വസ്‌തുക്കള്‍ സൂക്ഷിക്കരുത്.
തീപിടിത്തമുണ്ടായ സ്‌ഥലത്ത് അകപ്പെട്ടാല്‍ ശാന്തതയോടെ പുറത്തു കടക്കുക. തീ പടര്‍ന്നു പിടിച്ച മുറിയുടെ വാതില്‍ പെട്ടെന്ന് തുറക്കാതിരിക്കുക, ഏതെങ്കിലും ഒരു വാതില്‍ പതുക്കെ തുറക്കുക. ധരിച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ക്ക് തീ പിടിച്ചാല്‍ നിലത്ത് ഉരുളുക. പൊള്ളലേറ്റ ഭാഗത്തെ ഉരുകിയ വസ്‌ത്രങ്ങള്‍ ഇളക്കി മാറ്റരുത്. ഡോക്‌ടറുടെ സഹായം തേടുക എന്നതാണ് അതില്‍ പ്രധാനം.