-->
പന്തളം: പ്രതികൂല കാലാവസ്‌ഥാ സാഹചര്യങ്ങളിലും മികച്ച രീതിയില്‍ വളരാന്‍ കഴിയുന്ന പോഷകസമൃദ്ധമായ മുതിര കൃഷി നടത്തി പന്തളം പൂഴിക്കാട് വിളയില്‍ ഇടപ്പുരയില്‍ ഉണ്ണികൃഷ്‌ണ കുറുപ്പ് വിജയം കൈവരിച്ചു.
പാരമ്പര്യ കൃഷിരീതികളെ അടിസ്‌ഥാനമാക്കി പാട്ടത്തിനെടുത്ത സ്‌ഥലത്ത് പരീക്ഷണാടിസ്‌ഥാനത്തില്‍ ആരംഭിച്ച കൃഷിയാണ് വിളവെടുപ്പ് ഘട്ടത്തിലെത്തിയത്.
പന്തളം തോന്നല്ലൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന വിളവെടുപ്പില്‍ പന്തളം കര്‍ഷക പരിശീലനകേന്ദ്രം ഡെപ്യൂട്ടി ഡയറക്‌ടറും നിലവില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമായ പുഷ്‌പ എസ്, പന്തളം തോന്നല്ലൂര്‍ കൃഷി ഓഫീസര്‍ വിപിന്‍ വി, കൗണ്‍സിലര്‍മാരായ കൂട്ടംവെട്ടിയില്‍ കെ. ബിജു, വി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കണ്ണൂര്‍ കൃഷി വികസന കേന്ദ്രത്തില്‍ നിന്നു നേരിട്ട് ശേഖരിച്ച ഗുണമേന്‍മയുള്ള മുതിര വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. കുറഞ്ഞ പരിപാലനച്ചെലവില്‍ മികച്ച വിളവ് ലഭിക്കാവുന്ന ഈ കൃഷിരീതി മറ്റ് കര്‍ഷകര്‍ക്ക് മാതൃകയാകുന്നതാണെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.