-->
കോട്ടയം: നെല്ലിന്റെ രണ്ടും മൂന്നും ഘട്ട വളപ്രയോഗം നടത്തേണ്ട സമയത്ത് രാസവളം വിലയിലെ കുതിപ്പില്‍ കിതച്ചു കര്‍ഷകര്‍. ഓരോ ഇനം വളത്തിനും 50 - 400 രൂപയുടെ വരെ വര്‍ധനവാണുണ്ടായതെന്നു കര്‍ഷകര്‍ പറയുന്നു. ഉത്‌പാദനം കുറച്ചതോടെ രാസവളം ക്ഷാമം രൂക്ഷമായതിനു പിന്നാലെയാണ് വില വര്‍ധന. പൊതുമേഖലാസ്‌ഥാപനമായ ഫാക്‌ട് ഉത്‌പാദിപ്പിക്കുന്ന ഫാക്‌ടംഫോസ്, എന്‍.പി.കെ കോംപ്ലക്‌സ് ( 15,15, 15 ) എന്നിവയയ്‌ക്കും വിലകൂടി. മുന്‍പ് കര്‍ഷകര്‍ക്ക് നേരിട്ടായിരുന്നു സബ്‌സിഡിയെങ്കില്‍ 2017 മുതല്‍ കമ്പനികള്‍ക്കാണ് നല്‍കുന്നത്. സബ്‌സിഡിയിലുണ്ടാകുന്ന കുറവ് മറികടന്ന് ലാഭമുണ്ടാക്കാന്‍ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും കമ്പനികള്‍ മത്സരിച്ച് വില തോന്നുംവിധം കൂട്ടുകയാണെന്നു നെല്‍ക്കര്‍ഷകര്‍ പറയുന്നു.
വളത്തിന്റെ പ്രധാന ഘടകമായ ഫോസ്‌ഫോറിക് ആസിഡിന് അന്താരാഷ്ര്‌ട വിപണിയില്‍ വിലകൂടിയതാണ് മറ്റൊരു കാരണം. പൂര്‍ണമായി ഇറക്കുമതി ചെയ്യുകയാണിത്. ചൈന, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായി വളം ഇറക്കുമതി. പൊട്ടാഷ് കിട്ടാനില്ലാത്തത് നെല്‍കര്‍ഷകരെ ആശങ്കയിലാഴ്‌ത്തുകയാണ്. അമോണിയം ഫോസ്‌ഫേറ്റ് അടങ്ങുന്ന ഫാക്‌ടംഫോസ് കൃഷിയില്‍ അവശ്യമാണ്. യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് നെല്ലിന് ഇടേണ്ടത്. ഏക്കറൊന്നിന് ഏക്കറിന് 50 കിലോഗ്രാം ഫാക്‌ടംഫോസ്, 20 കിലോഗ്രാം പൊട്ടാഷ്, 15 കിലോഗ്രാം മുതല്‍ 25 കിലോഗ്രം വരെ യൂറിയ എന്ന ക്രമത്തിലാണ് നെല്ലിന് നല്‍കുന്നത്.
ഒരു തെങ്ങിന് വര്‍ഷം മൂന്നു കിലോഗ്രാം മുതല്‍ അഞ്ച് കിലോഗ്രാം വരെ രാസവളം വേണ്ടി വരും. ഒരേക്കറില്‍ 75 തെങ്ങിന് വളമിടാന്‍ 22,000 രൂപയാകും. വര്‍ഷം നാലായിരം രൂപ അധികം കണ്ടെത്തണം. വേനല്‍ മഴ ആരംഭിച്ചാലുടന്‍ തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷികളുടെ വളപ്രയോഗം ആരംഭിക്കണം. പച്ചക്കറികള്‍ക്ക് ഏക്കറിന് 600 ഗ്രാം വളം മൂന്നു നാലു തവണയായി നല്‍കണം. ഏക്കറിന് 45,000 രൂപയുടെ വളം വേണം. വര്‍ഷം അയ്യായിരം രൂപ അധികമാകും. റബ്ബറിന് ഒരേക്കറില്‍ 180 മരങ്ങള്‍ക്ക് വര്‍ഷം രണ്ടു തവണയായി 650 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ വളം നല്‍കണം. ഇത്തരത്തില്‍ 14,000 രൂപയുടെ വളം വേണം. ഏക്കറിന് 3,000 രൂപ അധികം ചെലവാകും.എന്‍.പി.കെ കോംപ്ലകസ് 1425 രൂപയില്‍ നിന്ന് 1650 രൂപയും ഫാക്‌ടംഫോസ് 50 കിലോഗ്രാം 1425 രൂപയില്‍ നിന്ന് 1475 രൂപയുമായി വര്‍ധിച്ചു. പൊട്ടാഷിന് ഏറെ മാസങ്ങളായി കടുത്ത ക്ഷമാണ്. പൊട്ടാഷ് കിട്ടാനില്ലെങ്കിലും വില 1400 ല്‍നിന്ന് 1800 രൂപയായി.