Thursday, March 12, 2026 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.12 AM

ചെലവേറി, കൃഷി കുറഞ്ഞു; ഡിമാന്‍ഡേറി വാട്ടുകപ്പ

കോട്ടയം: ചെലവേറി, കൃഷി കുറഞ്ഞു... വാട്ടു കപ്പയ്‌ക്ക് ഡിമാന്‍ഡേറി. വില്‍പ്പന 80 മുതല്‍ 110 രൂപയ്‌ക്കു വരെ. ഒരു വര്‍ഷം മുമ്പ്‌ വാട്ടുകാപ്പ എടുക്കാന്‍ ആളില്ലാത്ത അവസ്‌ഥയായിരുന്നുവെങ്കില്‍ ഇത്തവണ മറിച്ചാണു സ്‌ഥിതിയെന്നു കര്‍ഷകര്‍ പറയുന്നു. ഡ്രയറില്‍ ഉണങ്ങാതെ, കര്‍ഷകര്‍ നേരിട്ടു വാട്ടി നിലത്തും പാറപ്പുറത്തും ഉണങ്ങുന്ന കപ്പയ്‌ക്കാണ്‌ ഡിമാന്റ്‌ വര്‍ധിച്ചിരിക്കുന്നത്‌. എന്നാല്‍, മിക്കയിടങ്ങളിലും ഇത്തരം കപ്പ കിട്ടാനില്ലാത്ത അവസ്‌ഥയാണ്‌.
ജില്ലയിലെ മലയോര മേഖലയിലെയും ഇടുക്കി ജില്ലയിലെയും പ്രധാന ഭക്ഷണങ്ങളിലൊന്നായ വാട്ടുകപ്പയ്‌ക്കു ഇടക്കാലത്ത്‌ ഡിമാന്റ്‌ കുറഞ്ഞിരുന്നു. ഉണക്കുന്നതിലെ ചെലവും സമയ നഷ്‌ടവുമൊക്കെയായതോടെ കര്‍ഷകര്‍ പിന്‍വാങ്ങുകയും ചെയ്‌തിരുന്നു. കോവിഡ്‌ കാലത്ത്‌ കപ്പ കൃഷി ഏറിയപ്പോള്‍ മിച്ചം വന്ന കപ്പ പലരും വാട്ടി സൂക്ഷിച്ചുവെങ്കിലും വില്‍പ്പന പ്രതിസന്ധിയിലായി. വിറ്റവര്‍ക്കാകട്ടെ മികച്ച വില ലഭിച്ചതുമില്ല.
ഇക്കാലയളവില്‍ മിക്കയിടങ്ങളിലും ഡ്രയറുകള്‍ സ്‌ഥാപിച്ച്‌ കപ്പ ഉണങ്ങുന്ന രീതി ആരംഭിച്ചു, കര്‍ഷകര്‍ നല്‍കുന്ന കപ്പ നിശ്‌ചിത തുക വാങ്ങി വാട്ടി ഉണങ്ങി നല്‍കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. എന്നാല്‍, ഇത്തരത്തില്‍ ഉണങ്ങുന്ന കപ്പ പലര്‍ക്കും തൃപ്‌തികരമായില്ല. രുചി ഉള്‍പ്പെടെ കുറയുന്നുവെന്നാണ്‌ പരാതി.
പായ്‌ക്കറ്റുകളിലാക്കി കടകളില്‍ ഇത്തരം കപ്പ എത്തുന്നുണ്ട്‌.ഇതിനു പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ വാട്ടുകപ്പയെന്ന പേരില്‍ ഉണക്കു കപ്പ പലയിടങ്ങളിലും എത്തിക്കുന്നുണ്ട്‌്. എന്നാല്‍, വെള്ളത്തില്‍ വാട്ടാതെ രാസവസ്‌തുപ്രയോഗത്തിലൂടെ ഉണക്കിയെടുക്കുന്ന രീതിയാണിതെന്ന്‌ ആക്ഷേപമുണ്ട്‌.
സാധാരണ വാട്ടുകപ്പ പാചകപ്പെടുത്തുന്നതിന്റെ അഞ്ചിരട്ടി സമയം ഇത്തരം കപ്പ വേവിക്കാന്‍ വേണ്ടി വരുന്നതായും വീട്ടമ്മമാര്‍ പറയുന്നു.ഇതോടെയാണ്‌, നാടന്‍ വാട്ടുകപ്പയ്‌ക്കു ഡിമാന്റ്‌ ഏറിയിരിക്കുന്നത്‌. ഇത്തവണ ഉണങ്ങുന്നതിന്‌ അനുയോജ്യമായ കാലാവസ്‌ഥയായിരുന്നതിനാല്‍ കപ്പ കൃഷി ചെയ്‌ത മിക്ക കര്‍ഷകരും കപ്പ ഉണക്കി. എന്നാല്‍, ചെലവ്‌ വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു.
മുമ്പ്‌ വീട്ടുകാരും അയല്‍വാസികളും ബന്ധുക്കളുമൊക്കെ ചേര്‍ന്ന്‌ ആഘോഷമാക്കിയിരുന്ന കപ്പ വാട്ട്‌ ഇപ്പോള്‍ കൂലിയ്‌ക്ക് തൊഴിലാളികളെ നിര്‍ത്തിയാണ്‌ ചെയ്യന്നത്‌. 1000 രൂപ കൂലിയും ഭക്ഷണവും നല്‍കിയാല്‍ പോലും കപ്പ വാട്ടാന്‍ തൊഴിലാളികളെ ലഭിക്കാത്ത അവസ്‌ഥയാണെന്നു കര്‍ഷകര്‍ പറയുന്നു.നിലവില്‍, 80 മുതല്‍ 110 രൂപയ്‌ക്കു വരെയാണ്‌ വാട്ടു കപ്പ വില്‍പ്പന നടക്കുന്നത്‌. വരവു കപ്പ 80-90 രൂപയ്‌ക്കു ലഭിക്കും. അതേസമയം, ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ വാട്ടുകപ്പയുടെ വില 150 മുതല്‍ 300 രൂപ വരെയാകും.

Ads by Google
Advertisement
Thursday 12 Feb 2026 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW