-->
നെടുങ്കണ്ടം: നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശികളായ ഇരട്ടകള്‍ വെള്ളിത്തിരയിലേക്ക്. ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥികളായ അക്‌സയും അഭിയായുമാണ് സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്. നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ സിനിമയായ കൂടോത്രത്തിലൂടെയാണ് അക്‌സയും അഭിയയും വെള്ളിത്തിരയില്‍ എത്തുന്നത്.
ആദ്യ ചിത്രത്തില്‍ തന്നെ ഇരട്ട സഹോദരികളായി മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് ഇരുവരും. നെടുങ്കണ്ടം ഇളപ്പാനിക്കല്‍ ബിജു - ടിന്‍സി ദമ്പതികളുടെ മക്കളായ അക്‌സയും അഭിയയും അവിചാരിതമായാണ് അഭിനയ ലോകത്തേക്ക് എത്തിയത്. സിനിമയിലേക്ക് സംവിധായകന്‍ ബൈജു എഴുപുന്ന ഇരട്ടക്കുട്ടികളെ അന്വേഷിക്കുന്നതിനിടെ ഇരുവരുടെയും അമ്മയായ ടിന്‍സി ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുട്ടികളുടെ ചിത്രം ചലച്ചിത്ര പിന്നണി പ്രവര്‍ത്തകര്‍ കാണുകയും അഭിനയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.
നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുള്ള ബൈജു എഴുപുന്ന നിരവധി സിനിമയില്‍ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങള്‍ ചെയ്‌തിട്ടുള്ള പ്രശസ്‌തനായ നടന്‍ കൂടിയാണ്. ബൈജു എഴുപുന്നയുടെ മക്കളായിട്ടാണ് ഇരുവരും ഇതില്‍ വേഷമിടുന്നത്. ഇരുവരും പഠനത്തില്‍ മിടുക്കരാണെങ്കിലും കലാരംഗത്ത് അധികം സജീവമായിരുന്നില്ല. സംവിധായകന്‍ ഒരുക്കിയ അഭിനയ കളരിയിലൂടെ പാഠങ്ങള്‍ മനസിലാക്കിയാണ് അഭ്രപാളിയില്‍ ചുവട് വെക്കുന്നത്. സ്‌കൂളില്‍ അധ്യാപകരില്‍നിന്നും സഹപാഠികളില്‍ നിന്നും മികച്ച പിന്തുണ കൂടി ലഭിച്ചതോടെ ഇരുവരും അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പിതാവായ ബിജു നെടുങ്കണ്ടം സുമേരു പ്ലാന്റേഷന്‍ എസ്‌റ്റേറ്റില്‍ ജോലി ചെയ്‌തുവരുന്നു. സഹോദരന്‍ മെല്‍ബിന്‍ സിവില്‍ എന്‍ജിനിയറായി ജോലി ചെയ്‌തുവരുന്നു. ഇടുക്കിയുടെ പശ്‌ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ അണിയറ പ്രവര്‍ത്തകരായും അഭിനേതാക്കളായും നിരവധി ഇടുക്കികാര്‍ പങ്കാളികളായിട്ടുണ്ട്. കൂടോത്രം ഇന്ന് തിയറ്ററുകളിലെത്തും. ഈ സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളിലെ താരങ്ങളാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.