Saturday, March 14, 2026 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.10 AM

ചപ്പാത്ത്‌- ചെങ്കര റോഡ്‌ നിര്‍മാണത്തിലെ അപാകത: നിര്‍മിതി അധികൃതര്‍ സ്‌ഥലത്തെത്തി

കട്ടപ്പന: ആഴ്‌ചകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചപ്പാത്ത്‌- ചെങ്കര റോഡ്‌ നിര്‍മാണത്തിലെ അപാകത പരിശോധിക്കാന്‍ നിര്‍മിതി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. ചപ്പാത്ത്‌- ചെങ്കര റോഡില്‍ ചപ്പാത്ത്‌ മുതല്‍ സിമന്റ്‌ പാലം വരെ നടത്തിയ നിര്‍മാണങ്ങളില്‍ അപാകതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ആഴ്‌ച്ചകളായി പ്രതിഷേധത്തിലായിരുന്നു.
ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തിരക്കിട്ട്‌ നടത്തിയ നിര്‍മാണം ആദ്യ ഘട്ടം മുതല്‍ വിവാദത്തിലായിരുന്നു. ഇടക്കാലത്ത്‌ നിര്‍മാണം നിന്നുപോകുകയും പിന്നീട്‌ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വീണ്ടും നിര്‍മാണം ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ അശാസ്‌ത്രീയമായി നടന്ന നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ്‌ ഉപരോധം അടക്കം സംഘടിപ്പിച്ചതിനു പിന്നാലെയാണ്‌ നിര്‍മിതി ഉദ്യോഗസ്‌ഥര്‍ സ്‌ഥലം സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയത്‌.
അന്തരിച്ച മുന്‍ എം.എല്‍.എ വാഴൂര്‍ സോമന്റെ ആസ്‌ഥി വികസന ഫണ്ടില്‍ നിന്നും റോഡ്‌ ടാര്‍ ചെയ്‌ത് ഐറീഷ്‌ ഓട നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപയാണ്‌ വകയിരുത്തിയത്‌. കലക്‌റ്റര്‍ ചെയര്‍മാനായ നിര്‍മിതിയെയാണ്‌ ഫണ്ട്‌ ഏല്‍പ്പിച്ചത്‌. നിര്‍മിതി അധികൃതര്‍ കട്ടപ്പന സ്വദേശിയായ കരാറുകാരന്‌ ഉപകരാര്‍ നല്‍കുകയായിരുന്നു. നിര്‍മിതി പാലാ ഡിവിഷനിലെ ഉദ്യോഗസ്‌ഥരാണ്‌ കഴിഞ്ഞ ദിവസം സിമന്റ്‌ പാലം ജംക്ഷനിലെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയത്‌.
സിമന്റ്‌ പാലം- ചപ്പാത്ത്‌ ടൗണ്‍ എന്നിവിടങ്ങളിലുണ്ടാകുന്ന വെള്ള കെട്ടിന്‌ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും അപാകത സംഭവിച്ച സ്‌ഥലങ്ങളില്‍ തുടര്‍ നിര്‍മാണം നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും ഉദ്യോഗസ്‌ഥര്‍ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌.
സിമന്റ്‌ പാലത്തിനു സമീപം റോഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്‌ത് ഉയര്‍ത്തി പച്ചക്കാട്‌ റോഡിലുള്ള റോഡിനു നടുവിലൂടെ ഉള്ള ഓടയിലേക്ക്‌ വെള്ളമൊഴുക്ക്‌ തിരിച്ചു വിടുവാനുള്ള നടപടി സ്വീകരിക്കുകയും സിമന്റ്‌ പാലം മുതല്‍ വള്ളക്കടവ്‌ ജംക്ഷന്‍ വരെയുള്ള ഭാഗത്തെ റോഡുപണിയിലെ വീഴ്‌ച പരിഹരിക്കും എന്നുമുള്ള ഉറപ്പും ഉദ്യോഗസ്‌ഥര്‍ നല്‍കി. നിര്‍മിതി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറായ റ്റോമിച്ചന്‍ ജോസഫ്‌, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അജ്‌ഞിത മോഹന്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ സജിമോന്‍ ജോസഫ്‌ എന്നിവരാണ്‌ സ്‌ഥലത്തെത്തിയത്‌.

Ads by Google
Advertisement
Thursday 12 Feb 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW