-->
അടിമാലി: ദേശീയപാതാ നിര്‍മാണ നിരോധനത്തില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്ന്, 11ന് മുഖ്യമന്ത്രിയെ കാണുമെന്ന സര്‍വകക്ഷി യോഗ തീരുമാനവും നടപ്പായില്ല. ഇതോടെ, എന്‍.എച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 14ന് അടിമാലിയില്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കും. സത്യാഗ്രഹ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്‍.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.
യോഗത്തില്‍ മുഖ്യമന്ത്രിയെ കണ്ടു പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് വാഗ്‌ദാനവും ഉണ്ടായി. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള എല്‍.ഡി.എഫ് തന്ത്രമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ സമയം ലഭിക്കാത്തതു മൂലമാണ് പോകാന്‍ കഴിയാത്തതെന്ന് എ.രാജ എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ സ്‌ഥലത്തില്ലാത്തതു കൊണ്ടാണ് പോകാന്‍ കഴിയാത്തതെന്നും അടുത്ത ദിവസം തന്നെ സമയം കണ്ടെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയും നടക്കാതെ വന്നതോടെ, മുന്‍പ് പ്രഖ്യാപിച്ച സമരം കൂടുതല്‍ ശക്‌തമാക്കാനാണ് ദേശീയപാത സംരക്ഷണ സമിതിയുടെ തീരുമാനം. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ നടക്കുന്ന സമരത്തില്‍ ജനപ്രതിനിധികള്‍ അടക്കം ആയിരങ്ങള്‍ പങ്കെടുക്കും. ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റു മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ സാമുദായിക സാംസ്‌കാരിക സംഘടനകള്‍ ട്രേഡ് യൂണിയനുകള്‍ തുടങ്ങി എല്ലാ വിഭാഗം നേതാക്കളും ബഹുജനങ്ങളും സമരത്തില്‍ അണിനിരക്കുമെന്ന് ചെയര്‍മാന്‍ പി.എം ബേബി, ജനറല്‍ കണ്‍വീനര്‍ റസാക്ക് ചൂരവേലി, ഭാരവാഹികളായ കെ.കെ രാജന്‍, എം.ബി സൈനുദ്ദീന്‍, അഡ്വ. ആല്‍ബിന്‍ ജോയ് എന്നിവര്‍ പറഞ്ഞു. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ നിര്‍മ്മാണം സ്‌തംഭിച്ചിട്ട് 6 മാസം പിന്നിട്ടു. 2025 ജൂലൈ ജൂലൈ 11നാണ് നിര്‍മാണ നിരോധനം ആരംഭിച്ചത്. ഈ ഭാഗം വനമാണെന്ന് സര്‍ക്കാര്‍ തെറ്റായ സത്യവാങ്‌മൂലം നല്‍കിയതിന്റെ ഫലമായി 2025 ജൂലൈ 11 നാണ് ഹൈക്കോടതി റോഡ് നിര്‍മാണം തടഞ്ഞത്. ജൂലൈ 31ന് ആയിരങ്ങള്‍ പങ്കെടുത്ത ജനകീയ പ്രക്ഷോഭത്തിന് ശേഷമാണ് പൊതുമരാമത്തിന്റെ കൈവശമുള്ള റവന്യൂ ഭൂമിയാണിതെന്ന സത്യവാങ്‌മൂലം തിരുത്തിനല്‍കാന്‍ അഡ്വക്കേറ്റ് ജനറല്‍ മുഖേന സര്‍ക്കാര്‍ തയാറായത്. ഒക്‌ടോബര്‍ 24ന് റോഡ് നിര്‍മാണം തുടരുന്നതിനു ആവശ്യമായ ഉത്തരവ് കൊടുക്കുന്നതിനു ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എല്ലാ സര്‍ക്കാര്‍ രേഖകളും കൈവശമുണ്ടായിട്ടും അതനുസരിച്ചുള്ള സത്യവാങ്‌മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടും നിരുത്തരവാദ പരമായ സര്‍ക്കാര്‍ സമീപനം മൂലം വീണ്ടും മൂന്നുമാസം കൂടി പിന്നിടുകയാണ്. ഇതിനിടയില്‍ തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള മൂന്നു പേരടങ്ങുന്ന സംഘം, രേഖകളെല്ലാം പരിശോധിച്ചു. തുടര്‍ന്ന് ജില്ലാ കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും റിപ്പോര്‍ട്ട് പരിശോധിച്ച് റവന്യൂ സെക്രട്ടറിക്ക് കൈമാറുകയും ചെയ്‌തിരുന്നു. റവന്യൂ സെക്രട്ടറിയുടെ പരിശോധനയ്‌ക്ക് ശേഷം ചീഫ് സെക്രട്ടറിക്ക് നല്‍കിയ ഈ റിപ്പോര്‍ട്ട് കുറിപ്പെഴുതി മടക്കുകയാണ് ചീഫ് സെക്രട്ടറി ചെയ്‌തിട്ടുള്ളത്. കഴിഞ്ഞ എട്ടിന് ദേശീയപാത സംരക്ഷണ സമിതിയുടെ വിപുലമായ യോഗത്തില്‍ 10 ദിവസത്തിനകം തീരുമാനം ഉണ്ടാക്കാമെന്ന ഉറപ്പ് നടപ്പാക്കാന്‍ കഴിഞ്ഞില്ല.
ഇതിനിടെ പുതിയ സമിതി രൂപീകരിച്ച് തീരുമാനമെടുക്കുന്നതിനും അതുവരെ തര്‍ക്കമില്ലാത്ത ഭാഗങ്ങളില്‍ നിര്‍മാണം തുടരട്ടെ എന്നുമുള്ള ചീഫ് സെക്രട്ടറിയുടെ പുതിയ സര്‍ക്കുലര്‍ വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരമല്ലാതെ മറ്റു മാര്‍ണ്മമില്ലെന്ന നിലയിലേക്ക് സാഹചര്യങ്ങള്‍ മാറിയിരിക്കുന്നതെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ അടിസ്‌ഥാനത്തില്‍ തന്നെ സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.