-->
ചേര്‍ത്തല: വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറിയിട്ടും തണ്ണീര്‍ മുക്കത്ത് ടൂറിസം മേഖലയില്‍ കിതപ്പ്. വേമ്പനാട് കായലും തണ്ണീര്‍മുക്കം ബണ്ടും കട്ടച്ചിറയാറും കണ്ടല്‍ കാടുകള്‍ നിറഞ്ഞ ഇടതോടുകളുമൊല്ലാം വിനോദ സഞ്ചരികളുടെ മനംകവരുമ്പോഴും അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവം ഈ മേഖലയെ പിന്നോട്ടടിക്കുകയാണ്. കുമരകത്തേക്ക് പോകുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും തണ്ണീര്‍മുക്കത്തെത്തി കായല്‍ സൗന്ദര്യം ആസ്വദിച്ചാണ് കടന്നു പോകുന്നത്. ഹൗസ് ബോട്ടുകളില്‍ വേമ്പനാട് കായലില്‍ ഉല്ലാസയാത്രയ്‌ക്ക് എത്തുന്നവരും തണ്ണീര്‍മുക്കം വഴിയാണ് കടന്നു പോകുന്നത്.
കായല്‍യാത്രയ്‌ക്കിടെ ബോട്ട് അടുപ്പിക്കാന്‍ സൗകര്യമില്ലാ യെന്നാതാണ് പ്രധാന നൂനത. തണ്ണീര്‍മുക്കത്ത് ലക്ഷങ്ങള്‍ മുടക്കി ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും നിര്‍മാണത്തിലെ പാകപിഴമൂലം ഇനിയും ഉപയോഗ പ്രദമാക്കാനായിട്ടില്ല. വേമ്പനാട് കായലിലുടെ കടന്നു പോകുന്നവര്‍ക്ക് ബോട്ട് അടുപ്പിച്ച് വിശ്രമിക്കുന്നതിന് സൗകര്യമൊരുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്തെ മറ്റു ബോട്ടു ജെട്ടികളും വികസനം കടന്നു വന്നിട്ടില്ലാത്ത സ്‌ഥിതിയിലാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ചതാണ് പലതും. ജെട്ടികളില്‍ വികസനം എത്തി നോക്കാതായതോടെ വിനോദ സഞ്ചാരികളും യാത്രക്കാരും മുഖം തിരിച്ച് തുടങ്ങി. പ്രദേശത്തെ ഏറെ യാത്രക്കാര്‍ ആശ്രയിക്കുന്ന കായിപ്പുറം ജെട്ടി പതിറ്റാണ്ടുകളായി അവഗണനയിലാണ്. ടൂറിസ്‌റ്റ് കേന്ദ്രമായ പാതിരാമണല്‍ ദ്വീപിനോട് ചേര്‍ന്നുള്ള പ്രധാനപ്പെട്ട ജെട്ടിയില്‍ ദിവസേന നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്.
എന്നാല്‍ ഇവര്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യമില്ലാത്ത അവസ്‌ഥയാണ്. വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. വിനോദസഞ്ചാരികള്‍ ഭൂരിഭാഗവും കായിപ്പുറം ജെട്ടിയില്‍ എത്തിയാണ്‌പാതിരാമണല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ പോകുന്നത്. ദ്വീപിലേക്കുള്ള സന്ദര്‍ശ രുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചിട്ടുണ്ട്.പ്രവേശന ഫീസ് ഇനത്തില്‍ മാസം തോറും മികച്ച വരുമാനം ലഭിക്കുമ്പോഴും ദ്വീപിലേക്കുള്ള യാത്ര തുടങ്ങുന്ന കായിപ്പുറം ജെട്ടിയുടെ ശോച്യാവസ്‌ഥ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ആലപ്പുഴ- തണ്ണീര്‍മുക്കം റോഡില്‍ നിന്ന് കായിപ്പുറം ജെട്ടിയിലേക്കുള്ള പ്രധാന റോഡിലെ പാലവും കാലപ്പഴക്കത്താല്‍ അപകടാവസ്‌ഥയിലാണ്. ജെട്ടിക്കു സമീപത്തെ ഇടുങ്ങിയ പാലവും പൊളിച്ചു വീതികൂട്ടി പണിയേണ്ട സ്‌ഥിതിയാണ്. വിനോദത്തുനിന്നടക്കംഎത്തുന്ന വിനോദ സഞ്ചാരികള്‍ സൗകര്യക്കുറവുകള്‍മൂലം കായല്‍സഞ്ചാരത്തിനായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കുന്ന സ്‌ഥിതിയായിട്ടുംഇതിന് നേരെ മുഖംതിരിക്കുന്ന അധികാരികളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.