-->
എടത്വാ: ഓരോ നാടിന്റെയും പൈതൃകവുമായി ബന്ധപ്പെട്ട് സ്‌ഥലനാമങ്ങള്‍ പ്രശസ്‌തമാണ്. കൈതോല ഉല്‍പ്പന്നങ്ങള്‍ക്ക് കൊല്ലം ജില്ലയിലെ തഴവ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും സാധാരണക്കാരുടെ ജീവനോപാധിയായിരുന്ന കൈതോലകളെ ചേര്‍ത്തുനിര്‍ത്തിയ ഒരു ഗ്രാമമുണ്ട് കുട്ടനാട്ടില്‍. അമ്പലപ്പുഴ - തിരുവല്ല സംസ്‌ഥാന പാതയില്‍ എടത്വാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കൈതമുക്ക് ജങ്‌ഷന്‍. ഒരു കാലത്ത് കൈതോലകളാല്‍ സമൃദ്ധമായിരുന്നു ഈ ജങ്‌ഷന്‍. റോഡിന്റെ ഇരുവശവും നിറഞ്ഞുനിന്ന കൈതച്ചെടികള്‍. പച്ചപ്പട്ട് വിരിച്ച പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന എടത്വാ-തകഴി റോഡില്‍ ആദ്യ ബസ് സര്‍വീസ് അനുവദിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് മറ്റൊരു സ്‌ഥലനാമം കണ്ടെത്തേണ്ടി വന്നില്ല. കൈതപ്പൂമണം ശ്വസിച്ചുണരുന്ന നാടിന് കൈതമുക്ക് എന്ന നാമം നല്‍കി.
ആറ് പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ സ്‌ഥലനാമത്തെ പുതിയ തലമുറയ്‌ക്ക് പകര്‍ന്നു നല്‍കാന്‍ ഇന്ന് കൈതച്ചെടികളില്ല. സംസ്‌ഥാന പാത വികസനത്തില്‍ കൈതച്ചെടികള്‍ നശിപ്പിക്കപ്പെട്ടു. ഒരു നാടിന്റെ പൈതൃകം മാത്രമായിരുന്നില്ല, സാധാരണക്കാരുടെ ജീവനോപാധിയായും കൈതോലകള്‍ മാറിയിരുന്നു. പഴയ തലമുറയില്‍പ്പെട്ട നിരവധി ആളുകള്‍ ഇവിടെ നിന്ന് ശേഖരിക്കുന്ന കൈതോലയില്‍ നിന്ന് തഴപ്പായ നിര്‍മ്മാണം നടത്തിയിരുന്നു. കുട്ടനാടിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന നെല്ല് ചിക്ക് പായ ഉള്‍പ്പടെ അന്തിയുറങ്ങാന്‍ ഉപയോഗിച്ചിരുന്ന തഴപ്പായ വരെ നിര്‍മ്മിച്ച് നല്‍കിയിരുന്ന കുടുംബങ്ങള്‍ ഈ ജങ്‌ഷന് സമീപത്തുണ്ടായിരുന്നു.
ദൂരെ സ്‌ഥലങ്ങളില്‍ നിന്നുപോലും കൈതോല സംഭരിക്കാന്‍ കൈതമുക്കില്‍ എത്തുന്നവര്‍ നിരവധിയായിരുന്നു. എടത്വാ പള്ളി പെരുന്നാള്‍ സീസണ്‍ തുടങ്ങുന്നതോടെ തഴപ്പായ നിര്‍മ്മാണം പകല്‍ മാത്രമല്ല രാത്രിയില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചാണ് മെടഞ്ഞു തീര്‍ക്കുന്നത്. പായ മാത്രമല്ല വട്ടി, കുട്ട, കരകൗശല വസ്‌തുക്കള്‍ എന്നിവയും നിര്‍മ്മിച്ച് നല്‍കിയിരുന്നു. പഴയ തലമുറയില്‍പെട്ട ഏതാനും ആളുകള്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിലും തഴപ്പായയുടെ നിര്‍മ്മാണം നിലച്ച മട്ടാണ്. കൈതോലകള്‍ക്ക് ക്ഷാമം വന്നതും ആധുനീക പായകള്‍ വിപണിയില്‍ സുലഭമായി എത്താന്‍ തുടങ്ങിയതും ഈ തൊഴിലില്‍ നിന്ന് പഴയ തലമുറയെ പിന്‍തിരിപ്പിച്ചു.
കുട്ടനാട്ടില്‍ സുലഭമായി ലഭിച്ചിരുന്ന കൈതോലകള്‍ നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്. ഇന്ന് കുട്ടനാട്ടില്‍ ചുരുക്കമായി എത്താറുള്ള തഴപ്പായയില്‍ അധികവും എത്തുന്നത് കൊല്ലം തഴവ പ്രദേശത്ത് നിന്നാണ്. തഴവയിലെ ഏതാനും കുടും