Saturday, March 14, 2026 Last Updated 24 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.07 AM

പണിമുടക്ക്‌: പഞ്ചായത്ത്‌ മേഖലാതല വിളംബര ജാഥകളും പന്തംകൊളുത്തി പ്രകടനവും നടത്തി

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ സമിതി ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ ജില്ലയില്‍ തുടങ്ങി. പണിമുടക്ക്‌ സന്ദേശ മുയര്‍ത്തി ഇന്നലെ പഞ്ചായത്ത്‌ മേഖലാതല വിളംബര ജാഥകളും പന്തംകൊളുത്തി പ്രകടനവും സംയുക്‌ത ട്രേഡ്‌ യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തി.
കേന്ദ്ര സംസ്‌ഥാന പൊതുമേഖല ജീവനക്കാര്‍, ധനകാര്യ സ്‌ഥാപന ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, സ്‌കിം വര്‍ക്കേഴ്‌ല് തുടങ്ങിയ അസംഘടിത പരമ്പരാഗത, സേവനമേഖലകളില്‍ നിന്നുള്ള മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്‌.എം.എസ്‌, ടി.യു.സി.ഐ, സേവ, കെ.ടി.യു.സി (എം) തുടങ്ങിയ ട്രേഡ്‌യൂണിയന്‍ സംഘടനകളും ബാങ്ക്‌, ഇന്‍ഷുറന്‍സ്‌, കേന്ദ്ര സംസ്‌ഥാന സര്‍വീസ്‌ ജീവനക്കാരുടെ സംഘടന ഫെഡറേഷനുകളും ചേര്‍ന്നാണ്‌ 24 മണിക്കൂര്‍ പണിമുടക്കുന്നത്‌.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്‌ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കുക, വിത്ത്‌ ബില്‍ ഉപേക്ഷിക്കുക, ഇന്‍ഷുറന്‍സ്‌ മേഖലയിലെ സ്വകാര്യ പങ്കാളിത്തം ഉപേക്ഷിക്കുക, പൊതുമേഖല ഓഹരി വില്‌പനയും ആസ്‌തി വില്‌പനയും അവസാനിപ്പിക്കുക, നിശ്‌ചിത കാല തൊഴില്‍ തള്ളികളയുക, കരാര്‍ വല്‌ക്കരണം അവസാനിപ്പിച്ച്‌ തൊഴില്‍ സ്‌ഥിരത ഉറപ്പാക്കുക, തൊഴിലാളി വിരുദ്ധ 2021 എച്ച്‌.ആര്‍ പൊളിസി പിന്‍വലിക്കുക, തൊഴിലാളികള്‍ക്ക്‌ മികച്ച പെന്‍ഷന്‍ അനുവദിക്കുക, കര്‍ഷകരെ ദ്രോഹിക്കുന്ന നിയമഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്ക്‌. പണിമുടക്ക്‌ സന്ദേശ മുയര്‍ത്തി ഇന്നലെ പഞ്ചായത്ത്‌ മേഖലാതല വിളംബര ജാഥകളും പന്തംകൊളുത്തി പ്രകടനവും സംയുക്‌ത ട്രേഡ്യുണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തി. ജില്ലാ മണ്ഡലം കേന്ദ്രങ്ങളില്‍ ഇന്ന്‌ രാവിലെ തൊഴിലാളികളും ജീവനക്കാരും റാലി നടത്തും.
ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ തുടങ്ങിയവയുടെ സര്‍വീസ്‌ പല സ്‌ഥലങ്ങളിലും നിലച്ചേക്കാം. ചരക്ക്‌ ഗതാഗതത്തിലും തടസം ഉണ്ടാകാനിടയുണ്ട്‌. ബാങ്ക്‌ ജീവനക്കാരുടെ പങ്കാളിത്തം മൂലം ശാഖകളിലെ ഇടപാടുകള്‍, ചെക്ക്‌ ക്ലിയറന്‍സ്‌, കാഷ്‌ ഇടപാടുകള്‍ എന്നിവ തടസപ്പെടാന്‍ സാധ്യതയുണ്ട്‌. എ.ടി.എം സേവനങ്ങളും ഡിജിറ്റല്‍ ബാങ്കിംഗ്‌ സംവിധാനങ്ങളും സാധാരണ നിലയില്‍ തുടരും. കടകളും വ്യാപാര സ്‌ഥാപനങ്ങളും ഭാഗികമായോ പൂര്‍ണമായോ അടഞ്ഞേക്കാം. വ്യവസായ, നിര്‍മാണ മേഖലകളിലും പ്രവര്‍ത്തനം മന്ദഗതിയിലാകാന്‍ സാധ്യതയുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌ കുറയ്‌ക്കുന്നതിനായി അവശ്യ സേവനങ്ങളെ സമരത്തില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍ വിതരണം, കുടിവെള്ള വിതരണം, ആംബുലന്‍സ്‌ സേവനങ്ങള്‍, പത്ര വിതരണം തുടങ്ങിയവ സാധാരണ നിലയില്‍ നടക്കും. ജനങ്ങള്‍ പണിമുടക്കിനോട്‌ സഹകരിക്കണമെന്ന്‌ വിവിധ യൂണിയനിലെ ജില്ലാ ഭാരവാഹികളായ പി. ഗാനകുമാര്‍ (സി.ഐ.ടി.യു), വി മോഹന്‍ദാസ്‌, ഡി.പി മധു (എ.ഐ.ടിയു.സി), ജേക്കബ്‌ ഉമ്മന്‍ (എച്ച്‌.എം.എസ്‌), കെ.വി ഉദയഭാനു ( ടിയുസിഐ), പി സി വിനോദിനി (സേവ), കെ.എന്‍. ജയറാം ( കെ.സി.യു.സി (എം) എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 12 Feb 2026 10.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW