Saturday, March 14, 2026 Last Updated 24 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.07 AM

പുതിയ സീസണിലേക്ക്‌ കൈകൊടുത്ത്‌ ബോട്ട്‌ക്ലബ്ബുകളും കളിവള്ള സമിതികളും

ആലപ്പുഴ

പുതിയ ജലോത്സവ സീസണിലേക്ക്‌ കളിവള്ളങ്ങളും ബോട്ട്‌ ക്ലബ്ബുകളുമായുള്ള കരാര്‍ നീക്കങ്ങള്‍ സജീവം. പ്രമുഖ ക്ലബ്ബുകളും ചുണ്ടന്‍വളളം സമിതികളുമായി ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്‌. ഒപ്പം മികവ്‌ തെളിയിച്ച തുഴച്ചില്‍ക്കാരെ ഒപ്പം ചേര്‍ത്ത്‌ കരാറിലേര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബും നിരണം ബോട്ട്‌ ക്ലബ്ബും പുന്നമട ബോട്ട്‌ ക്ലബ്ബും കഴിഞ്ഞ സീസണിലെ അതേ ചുണ്ടനുകളിലാകും ഇത്തവണയും മത്സരിക്കുക. പള്ളാത്തുരുത്തി മേല്‍പ്പാടം ചുണ്ടനിലും നിരണം ബോട്ട്‌ ക്ലബ്ബ്‌ നിരണം ചുണ്ടനിലും പുന്നമട ബോട്ട്‌ ക്ലബ്ബ്‌ നടുഭാഗം ചുണ്ടനിലും വീണ്ടും തുഴയും.
പുതുതായി നിര്‍മ്മിക്കുന്ന ആരോമ ചുണ്ടനില്‍ ആരോമ ബോട്ട്‌ ക്ലബ്ബാകും തുഴയുക. ഈ ക്ലബ്ബുമായി ഏതാനും പ്രമുഖരായ പരിശീലകരും തുഴച്ചില്‍ക്കാരും കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. മുമ്പ്‌ നെഹ്‌റുട്രോഫി നേടിയിട്ടുള്ള മഹാദേവികാട്‌ കാട്ടില്‍തെക്കേതില്‍ ചുണ്ടന്‍ ആരോമ ചുണ്ടന്‍ ഉടമ വിലയ്‌ക്ക് വാങ്ങുകയും ചെയ്‌തിട്ടുണ്ട്‌. നിരണം ബോട്ട്‌ ക്ലബ്ബും ടീം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തവണ അടിമുടി മാറ്റം വരുത്തുക യാണ്‌. പുതിയ പരിശീലകനും അമരക്കാരും എത്തുന്നതായുള്ള അറിയിപ്പ്‌ ക്ലബ്ബ്‌ ഔദ്യോഗികമായി പങ്കുവച്ചുകഴിഞ്ഞു.
പി.ബി.സി പള്ളാത്തുരുത്തി കഴിഞ്ഞ സീസണിലെ പിഴവുകളെല്ലാം തീര്‍ത്ത്‌ ശക്‌തമായ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ്‌. കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്ബ്‌, കുമരകം ഇമ്മാനുവല്‍ ബോട്ട്‌ ക്ലബ്ബ്‌, വി.ബി.സി കൈനകരി, യു.ബി.സി കൈനകരി, നാട്ടകം ബോട്ട്‌ ക്ലബ്ബ്‌, മങ്കൊമ്പ്‌ തെക്കേക്കര ബോട്ട്‌ ക്ലബ്ബ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ടും വിവിധ വള്ളംസമിതികളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്‌.
നിരണം പുണ്യാളന്‍, ആര്‍പ്പൂക്കര, ആരോമ, കല്ലൂപ്പറമ്പന്‍ എന്നീ പുതിയ ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മ്മാണവും നടന്നുവരികയാണ്‌. കേരളാ പോലീസ്‌ ബോട്ട്‌ ക്ലബ്ബിന്റെ തിരിച്ചുവരവ്‌ ഇത്തവണയുണ്ടാകുമോയെന്ന ആകാംക്ഷയും വള്ളംകളി പ്രേമികള്‍ക്കുണ്ട്‌.

Ads by Google
Advertisement
Thursday 12 Feb 2026 10.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW