-->
ആലപ്പുഴ: അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കയറ്റം തുടരുന്നതിനാല്‍ നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധിയേറുന്നു. ജി.എസ്.ടിയില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപി ക്കപ്പെട്ടെങ്കിലും വിപണിയില്‍ അതിന്റെ ഗുണഫലങ്ങള്‍ കാണാനായിട്ടില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അസംസ്‌കൃത വസ്‌തുക്കളുടെ അനിയന്ത്രി തമായ വിലക്കയറ്റമാണ് പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. കമ്പിയുടെ വില അടിക്കടി വര്‍ധിക്കുകയാണ്. മിനാര്‍- 65, കൈരളി- 66, അപെക്‌സ്-60 എന്നിങ്ങനെയാണ് കമ്പി കിലോയ്‌ക്ക് റീട്ടെയില്‍ വില. സിമന്റ്, സ്‌റ്റീല്‍ എന്നിവയ്‌ക്ക് പുറമെ പെയിന്റ്, ടൈല്‍, പി.വി.സി സാമഗ്രികള്‍ എന്നിവയുടെ വില ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത് വീട് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സാധാരണക്കാരെയും ഇടത്തരക്കാരെയും ബുദ്ധിമുട്ടിക്കുന്നു.
കരാറുകാര്‍ക്കും ആവശ്യത്തിന് വര്‍ക്കുകള്‍ ലഭിക്കാത്ത അവസ്‌ഥ യാണ്. പഴയ നിരക്കില്‍ കരാറേറ്റെടുത്തവര്‍ക്ക് സാധനസാമഗ്രികളുടെയും തൊഴിലാളികളുടെയും കൂലിചെലവ് കഴിച്ചാല്‍ മെച്ചമില്ലാത്ത സ്‌ഥിതിയാണെന്ന് പറയുന്നു. പാരിസ്‌ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ പലേടത്തും ക്രഷറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത് കരിങ്കല്ല്, മെറ്റല്‍, മണല്‍ എന്നിവയുടെ ലഭ്യത കുറച്ചു.
പാറപ്പൊടിയുടെ ഉപയോഗം കുറഞ്ഞതും ഹോളോബ്രിക്‌സ് കട്ടകളില്‍ നിന്ന് ഭൂരിഭാഗം പേരും സോളിഡ് കട്ടകളിലേക്ക് മാറിയതും ആ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് തൊഴില്‍ നഷ്‌ടമുണ്ടാക്കിയിട്ടുണ്ട്. ലൈഫ് മിഷന്‍ വഴി നിര്‍മ്മിക്കുന്ന വീടുകള്‍ പോലും ഫണ്ട് അപര്യാപ്‌തതയും വിലക്കയറ്റവും മൂലം യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമവും രൂക്ഷമാണ്. മേസ്‌തിരിക്ക് 1200 രൂപയും ഹെല്‍പ്പര്‍ക്ക് 900 രൂപയുമാണ് നിലവിലെ കുറഞ്ഞ വേതനം.
സിമന്റ് ഒരു ചാക്കിന് 320 രൂപ, എം സാന്‍ഡ് ഒരടിയ്‌ക്ക് 70 രൂപ, പി സാന്‍ഡ് ഒരടിയ്‌ക്ക് 73 രൂപ. സിമന്റ് കട്ടയ്‌ക്ക് 38 - 43 രൂപ, കമ്പിയ്‌ക്ക് 65 - 75 വരെ (കിലോ), കരിങ്കല്ലിന് 8500 - 9000 (150 അടി), ചുടു കട്ടയ്‌ക്ക് 12 രൂപ (ഒരെണ്ണം), മെറ്റില്‍: 65 രൂപ (ഒരടി) എന്നിങ്ങനെയാണ് നിര്‍മ്മാണ സാമഗ്രികളുടെ നിലവിലെ വില