-->
തലപ്പുഴ: നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്കുശേഷം ഒടുവില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വരയാല്‍ - എടലമുട്ടില്‍ - എടത്തന റോഡിന് ശാപമോക്ഷം. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്‌ത് ഗതാഗതയോഗ്യമാക്കിയത്. കേവലം നൂറുമീറ്ററില്‍ താഴെമാത്രമേ ഇനി ഈ റോഡ് നന്നാക്കാന്‍ ബാക്കിയുള്ളൂ. അനുവദിച്ച ഫണ്ട് മതിയാവാത്തതിനാലാണ് റോഡ് പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യാന്‍ സാധിക്കാഞ്ഞത്. ബാക്കിഭാഗംകൂടി ഉടന്‍ കോണ്‍ക്രീറ്റ് ചെയ്യാനുള്ള നടപടികള്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മഴക്കാലത്ത് ഈ റോഡിലൂടെ കാല്‍നടപോലും ദുസഹമായിരുന്നു. പൊതുഗതാഗതസൗകര്യം കുറവായ ഭാഗത്ത് ഓട്ടോറിക്ഷകളെയാണ് ഇവിടത്തുകാര്‍ ആശ്രയിച്ചിരുന്നത്. നല്ല റോഡ് അല്ലാത്തതിനാല്‍ ഓട്ടംവരാന്‍ ഓട്ടോറിക്ഷാ െ്രെഡവര്‍മാരും മടിച്ചിരുന്നു. സ്വന്തമായി വാഹനമുണ്ടായിരുന്നവര്‍ക്ക് ഇരുചക്ര വാഹനം കൂടി കൊണ്ടുപോകാന്‍ സാധിക്കാത്ത രീതിയിലായിരുന്നു ഏറെക്കാലമായി റോഡുണ്ടായിരുന്നത്. ഇപ്പോള്‍ റോഡിന്റെ ഭൂരിഭാഗവും ഗതാഗത യോഗ്യമായതോടെ നാട്ടുകാര്‍ ഏറെ ആശ്വാസത്തിലാണ്.
വരയാല്‍ താഴെമുറ്റം പാലത്തിനടുത്തുനിന്ന് തുടങ്ങി എടലമുട്ടില്‍ വഴി എടത്തന സ്‌കൂളിനടുത്തെത്തുന്ന ഈ റോഡിന് ഒരുകിലോമീറ്റര്‍ നീളമുണ്ട്. റോഡിന്റെ രണ്ടറ്റത്തും കുറഞ്ഞ ഭാഗം വര്‍ഷങ്ങള്‍ക്കുമുന്‍പ് കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും ബാക്കി നന്നാക്കിയിരുന്നില്ല. വളവും തിരിവും വലിയ കയറ്റിറക്കങ്ങളുമുള്ള ഈ റോഡിന് വീതിയും തീരെ കുറവായതിനാല്‍ വേനല്‍ക്കാലത്ത് ചെറിയ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ വലിയ പ്രയാസം നേരിട്ടിരുന്നു. വരയാല്‍ പ്രദേശത്തുള്ളവര്‍ എടത്തന, വാളാട് എന്നിവിടങ്ങളിലേക്കു പോകാന്‍ ആശ്രയിക്കുന്നത് എടലമുട്ടില്‍ എടത്തന റോഡിനെയാണ്. മഴക്കാലത്ത് വാഹനങ്ങള്‍ വരാത്തതിനാല്‍ സാധനങ്ങളും മറ്റും തലച്ചുമടായാണ് പ്രദേശവാസികള്‍ എത്തിച്ചിരുന്നത്. മുന്‍ ജില്ലാ പഞ്ചായത്തംഗവും നിലവിലെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മീനാക്ഷി രാമന്‍ മുന്‍പ് സ്‌ഥലം സന്ദര്‍ശിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.