-->
പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മത പരിഷത്തിന് മുന്നോടിയായി ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര എഴുമറ്റൂര്‍ ശ്രീ പട്ടരാശ്രമത്തില്‍ നിന്നും 13 ന് ഉച്ചക്ക് 1.30 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്‌ഞാനാന്ദ തീര്‍ത്ഥപാദര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. ആദ്യ ദിവസം കീഴ്വായ്‌പൂര്‍,ഇരവിപേരൂര്‍,വള്ളംകുളം, കവിയൂര്‍, മല്ലപ്പള്ളി, കോട്ടാങ്ങല്‍ പെരുമ്പെട്ടി വഴി ചാലാപ്പള്ളി വലിയകുന്നം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും. 14 ന് കൊറ്റനാട് പ്രണമലക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് വൃന്ദാവനം കുന്നം,വെച്ചുച്ചിറ മണ്ണടിശാല, കുനംകര, വടശ്ശേരിക്കര,മാടമണ്‍ ,ഐത്തല, റാന്നി വഴി തോട്ടാമണ്‍കാവ് ദേവി ക്ഷേത്രത്തില്‍ സമാപിക്കും. 15 ന് മേനംതോട്ടത്ത് ആരംഭിച്ചു തടിയൂര്‍ വഴി ചെറുകോല്‍പുഴയില്‍ സമാപിക്കും .
15 രാവിലെ 11 ന് കൊല്ലം പത്മന ആശ്രമത്തില്‍ നിന്നുള്ള ജ്യോതിപ്രയാണ ഘോഷയാത്രയും പത്തനംതിട്ട എഴുമറ്റൂര്‍ ശ്രീ പരമ ഭട്ടാരക ആശ്രമത്തില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രയും ചട്ടമ്പി സ്വാമി സ്‌മൃതി മണ്ഡപത്തില്‍ സമന്വയിച്ച് ശ്രീവിദ്യാധിരാജ നഗറിലേക്ക് എത്തിച്ചേരും.മഹാ മണ്ഡലം പ്രസിഡന്റ് പി.എസ് നായര്‍ പതാക ഉയര്‍ത്തുന്നതോടെ പരിഷത്തിന് തുടക്കമാകും . ഉച്ചകഴിഞ്ഞ് 3.45 ന് തിരുനാവായ മഹാമാഘ മഹോത്സവ പരമാചര്യന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പരിഷത്ത് ഉത്‌ഘാടനം ചെയ്യും. വാഴൂര്‍ മഠധിപതി പ്രജ്‌ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 7.30 ന് ആദ്ധ്യാത്മിക സദസ്. ഡോ. എം. എം ബഷീര്‍ പ്രഭാഷണം നടത്തും.22 ന് പരിഷത്ത് സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഘോഷയാത്ര സമതി ചെയര്‍മാന്‍ ജി. രാജ്‌കുമാര്‍, അഡ്വ. കെ. ജയവര്‍മ്മ, കണ്‍വീനര്‍ ജി. ഉണ്ണികൃഷ്‌ണന്‍, സി. എന്‍. ശിവന്‍കുട്ടിനായര്‍ എന്നിവര്‍ പങ്കെടുത്തു.