-->
കോട്ടയം: യുവജനങ്ങളിലെ ജീവിത ശൈലീമാറ്റങ്ങളെയും മാനസികക്ഷേമത്തെയും കുറിച്ചു യുവജന കമ്മീഷന്‍ നടത്തുന്ന ശാസ്‌ത്രീയ പഠനത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതായി യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജര്‍ പറഞ്ഞു. കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങള്‍ നേരിടുന്ന സംഘര്‍ഷങ്ങളെപ്പറ്റി ശാസ്‌ത്രീയമായി പഠിക്കുകയാണു സര്‍വേയുടെ ലക്ഷ്യം. പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല യുവജന കമ്മീഷന്‍ അദാലത്തില്‍ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഗണിച്ച 20 പരാതികളില്‍ 10 എണ്ണത്തില്‍ തീര്‍പ്പാക്കി. ബാക്കി അടുത്ത അദാലത്തിലേക്കു മാറ്റിവെച്ചു. പുതിയതായി നാലു പരാതികള്‍ ലഭിച്ചു. വിവിധ സ്വകാര്യ സ്‌ഥാപനങ്ങളിലെ ശമ്പളക്കുടിശിക, വിദേശത്ത് തൊഴില്‍ വാഗ്‌ദാനം ചെയ്‌തു കബളിപ്പിക്കല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ തട്ടിപ്പ് തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. കമ്മീഷനംഗം അഡ്വ. അബേഷ് അലോഷ്യസ്, സെക്രട്ടറി ദീപ സുരേന്ദ്രന്‍, അസിസ്‌റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.