Wednesday, March 11, 2026 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.15 AM

ഓഫാകാതെ ഓണ്‍ലൈന്‍ തട്ടിപ്പ്‌; നാണക്കേടും മാനക്കേടും നഷ്‌ടം

uploads/news/2026/02/824974/1.jpg

കോട്ടയം: ആയിരങ്ങള്‍ കബളിപ്പിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടും, അടിക്കടി പോലീസ്‌ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും കുറയാതെ ഓണ്‍ലൈന്‍ കെണികള്‍.
പണം മുതല്‍ മാനം വരെ നഷ്‌ടമാകുന്ന കെണികളില്‍ കഴിഞ്ഞ വര്‍ഷം മാത്രം ജില്ലയില്‍ നാലുകോടിയോളം രൂപ നഷ്‌ടമായിട്ടുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. കോട്ടയം സ്വദേശിയായ റിട്ട. ബി.എസ്‌.എന്‍.എല്‍ ഉദ്യോഗസ്‌ഥന്‍ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയില്‍ ജീവനൊടുക്കിയതും ഓണ്‍ലൈന്‍ കെണിയില്‍പ്പെട്ടാണ്‌.
ജോലി, ഓഹരി പങ്കാളിത്തം, പ്രണയം, ട്രേഡിങ്‌, ഷോപ്പിങ്ങ്‌, വെര്‍ച്ച്വല്‍ അറസ്‌റ്റ് എന്നിങ്ങനെ ഓണ്‍ലൈന്‍ കെണികള്‍ പലവിധത്തിലാണ്‌.
പ്രായമുള്ളവരെയും യുവതീ യുവാക്കളെയും വീട്ടമ്മമാരെയുമാണ്‌ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്‌. ഓണ്‍ലൈന്‍ ജോലി തട്ടിപ്പിനാണ്‌ ഏറെപ്പേരും ഇരയായത്‌. ടെലഗ്രാം, ഫെയ്‌സ് ബുക്ക്‌, വാട്‌സാപ്പ്‌ എന്നിങ്ങനെയുള്ള ലിങ്കുവഴി ആപ്ലിക്കേഷന്‍ നല്‍കുമ്പോള്‍ അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുക്കുന്നതാണ്‌ ഒരു രീതി.
ജോലി ലഭിക്കാന്‍ ഫീസ്‌ കെട്ടിവയ്‌ക്കണമെന്നും അതിന്റെ പലിശയടക്കം ജോലിക്കൊപ്പം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണു മറ്റൊരു രീതി. ആദ്യ മാസങ്ങളില്‍ ചെറിയ ജോലി നല്‍കി തുച്‌ഛമായ ശമ്പളം അക്കൗണ്ടിലേയ്‌ക്ക് അയച്ച്‌ വിശ്വാസം പിടിച്ചുപറ്റും.
പിന്നീട്‌ പ്രോസസിങ്‌ ഫീസായി വലിയ തുക കെട്ടിവച്ചാല്‍ മികച്ച വരുമാനമുള്ള ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ച്‌ പണം തട്ടും. ചില കേസുകളില്‍ മാത്രമാണു പ്രതികള്‍ അറസ്‌റ്റിലായത്‌. ട്രാഫിക്‌ നിയമലംഘനം നടത്തിയതായി കാണിച്ചു വാഹന നമ്പര്‍ സഹിതം ഉടമകളുടെ മൊബൈല്‍ ഫോണിലേയ്‌ക്ക് സന്ദേശം അയച്ചുള്ള തട്ടിപ്പും വ്യാപകമാണ്‌.
പിഴ അടയ്‌ക്കുന്നതിന്‌ ഇ ചെല്ലാന്‍ പരിവാഹന്‍.ഗവ.ഇന്‍.ഇന്‍ഡക്‌സ് അക്യൂസ്‌ഡ് ചെല്ലാന്‍ എന്ന തലക്കെട്ടില്‍ പിഴത്തുക അടയ്‌ക്കണമെന്നു നിര്‍ദേശിച്ചാണു സന്ദേശം വരുന്നത്‌.
എന്നാല്‍ തട്ടിപ്പുസംഘം അയച്ചു നല്‍കുന്ന ലിങ്ക്‌ ഓപ്പണ്‍ ആക്കുന്ന വാഹന ഉടമയോടു എ.ടി.എം കാര്‍ഡ്‌ വഴി ഫൈന്‍ അടയ്‌ക്കാന്‍ ഇവര്‍ ആവശ്യപ്പെടും. ഇതിനു തയാറാകുന്ന വാഹന ഉടമയോട്‌ എ.ടി.എം കാര്‍ഡിന്റെ പുറകുവശത്തെ രഹസ്യ നമ്പര്‍ കൂടി ആവശ്യപ്പെടും. നമ്പര്‍ നല്‍കിയാലുടന്‍ അക്കൗണ്ടില്‍ കിടക്കുന്ന മുഴുവന്‍ പണവും നഷ്‌ടമാകും കോട്ടയം സ്വദേശിയായ യുവാവിന്‌ ഓണ്‍ലൈന്‍ സൗഹൃദത്തിന്റെ മറവിലാണു പണം നഷ്‌ടമായത്‌. സിബില്‍ സ്‌കോര്‍ ഇല്ലാത്തതിനാല്‍ ഇലക്ര്‌ടിക്‌ സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നും സഹായിക്കണമെന്നും പണം കൃത്യമായി അടയ്‌ക്കുമെന്നും സുഹൃത്ത്‌ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇലക്‌ട്രോണിക്‌സ് സ്‌ഥാപനത്തില്‍ നിന്നു യുവാവ്‌ സാധനങ്ങളും വാങ്ങി.
ഇ.എം.ഐ മുടങ്ങിയതോടെ വിളിച്ചാല്‍ കിട്ടാതായി. പോലീസ്‌ അന്വേഷിച്ചപ്പോഴാണ്‌ ഈ സാധനങ്ങള്‍ ഇതേ കടയില്‍ 20ശതമാനം കുറവ്‌ തുകയ്‌ക്ക് വിറ്റ്‌ പണവുമായി യുവാവ്‌ കടന്നെന്ന്‌ അറിയുന്നത്‌. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകളാണു ദിവസവും അരങ്ങേറുന്നത്‌.

Ads by Google
Advertisement
Wednesday 11 Feb 2026 10.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW