-->
കോട്ടയം:ശോച്യാവസ്‌ഥയിലായതിനെത്തുടര്‍ന്നു പൊളിച്ചു നീക്കാന്‍ 12 വര്‍ഷം മുമ്പ് തീരുമാനിച്ച കാരാപ്പുഴ പഴയ ഗസ്‌റ്റ് ഹൗസ് കെട്ടിടം അപകടാവസ്‌ഥയില്‍. സംസ്‌ഥാനത്തെ തന്നെ ഏറ്റവും നല്ല അതിഥിമന്ദിരങ്ങളിലൊന്നായിരുന്നു ഇവിടം. പഴമയുടെയും പെരുമയുടെയും ഒരുപാട് കഥകള്‍ പറയാനുള്ള മന്ദിരം ശോച്യാവസ്‌ഥയിലായതിനെത്തുര്‍ന്നു പൊളിച്ചുനീക്കാന്‍ ടെന്‍ഡര്‍ വിളിക്കുമെന്ന് അധികൃതര്‍ 12 വര്‍ഷം മുമ്പ് അറിയിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കോട്ടയത്തെത്തുമ്പോള്‍ നിത്യഹരിത നായകന്‍ പ്രേംനസീറും സത്യനും സ്‌ഥിരമായി താമസിച്ചിരുന്ന ഗസ്‌റ്റ് ഹൗസാണ് ഇടിഞ്ഞുവീഴാറായി നില്‍ക്കുന്നത്. നിരവധി സിനിമചര്‍ച്ചകള്‍ക്കു വേദിയായ 111-ാം നമ്പര്‍ മുറി ഭാര്‍ഗവീനിലയത്തിനു സമാനമാണ്. പ്രേംനസീറിന് നിര്‍ബന്ധമായിരുന്നു 111-ാം നമ്പര്‍ മുറി വേണമെന്നത്. സിനിമാതാരങ്ങളെ മാത്രമല്ല ഒരുകാലത്ത് മുതിര്‍ന്ന നേതാക്കളെ കാണണമെങ്കില്‍ ഗസ്‌റ്റ് ഹൗസില്‍ എത്തണമായിരുന്നു.
ഇവിടേക്കെത്തുന്ന നടന്മാരായ സത്യനെയും പ്രേംനസീറിനെയും അടൂര്‍ ഭാസിയെയും രാഷ്‌്രടീയനേതാക്കളെയും കാണാന്‍ പുറത്ത് എപ്പോഴും ആരാധകരുടെയും അണികളുടെയും തിരക്കായിരുന്നു. ഷീല, കെ.പി ഉമ്മര്‍, അടൂര്‍ ഭാസി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്.പി പിള്ള തുടങ്ങിയ താരങ്ങളും അണിയറപ്രവര്‍ത്തകരും ഇവിടുത്തെ താമസക്കാരായിരുന്നു.
കോട്ടയത്തെ ആദ്യ ഗസ്‌റ്റ് ഹൗസ് നിലം പൊത്തുമ്പോള്‍ ഓര്‍മയാകുന്നത് ഇത്തരം ചരിത്രങ്ങള്‍ കൂടിയാണ്. കെട്ടിടത്തെ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും കാലപ്പഴക്കത്തിന്റെയും ശോചനീയ അവസ്‌ഥയും കണക്കിലെടുത്ത് പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ പലയിടത്തും ചെടികള്‍ മുളച്ചും തറയും ഭിത്തിയും വിണ്ടുകീറുകയും കോണ്‍ക്രീറ്റ് പാളികളും അടര്‍ന്നുവീണു.
ഉപയോഗശൂന്യമായ വാഹനങ്ങളുടെ അവശിഷ്‌ടങ്ങളും ടയറുകളും ചാക്കിലാക്കിയ മാലിന്യങ്ങളും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കൂമ്പാരമായി കൂട്ടിയിട്ടിട്ടുണ്ട്. നിലവില്‍ കെട്ടിടം പൊളിച്ചുമാറ്റാനായി സീല്‍ ചെയ്‌തിരിക്കുകയാണ്.
കെട്ടിടത്തിന്റെ മറ്റൊരുവശത്താണു കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തുന്ന നാട്ടുകാര്‍ക്കും ജീവനക്കാര്‍ക്കും കുടിവെള്ള സൗകര്യമോ വൃത്തിയുള്ള ടോയ്‌ലറ്റ് സംവിധാനങ്ങളോ ഇല്ല. രാത്രിയായാല്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണിവിടം. ലൈറ്റ് ട്യൂബുകളുടെയും കുപ്പിച്ചില്ലുകളുടെയും മാലിന്യക്കൂമ്പാരത്തിനും നടുവിലാണു കൃഷിഭവന്‍ സ്‌ഥിതി ചെയ്യുന്നത്.