-->
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ പിന്‍വലി ക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ ജില്ലയിലെ തൊഴിലാളികള്‍ ഒന്നടങ്കം പങ്കെടുക്കുമെന്നു ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നാളെ അര്‍ധരാത്രി മുതല്‍ വ്യാഴാഴ്‌ച അര്‍ധരാത്രി വരെയാണു പണിമുടക്ക്.
കര്‍ഷക-കര്‍ഷകതൊഴിലാളി സംഘടനകളും, വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്‌ഥാന ജീവനക്കാര്‍, ബാങ്ക്, ഇന്‍ ഷ്വറന്‍സ്, ബിഎസ്‌എന്‍എല്‍, പോസ്‌റ്റല്‍ അടക്കമുള്ള ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും.
പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ ജില്ലാ കേന്ദ്രത്തിലും എല്ലാ മുനിസിപ്പല്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനം നടത്തും. പണിമുടക്കിനു മുന്നോടിയായി എല്ലാ ഏരിയകളിലും പ്രചരണ ജാഥകള്‍ സംഘടിപ്പിച്ചു ഗേറ്റ് മീറ്റിങ്ങുകളും തൊഴിലാളികളുടെയിടയില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം സംഘടിപ്പിച്ചു. ഇന്നു തൊഴിലിടങ്ങളിലും എല്ലാ പഞ്ചായത്ത്- മുനിസിപ്പല്‍ കേന്ദ്രങ്ങളിലും പന്തം കൊ ളുത്തി പ്രകടനം നടത്തും.
തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക,മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്‌ഥാപിക്കുക,വൈദ്യുതി നിയമ ഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കുക, വിത്ത് ബില്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്കെന്ന് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.അനില്‍കുമാര്‍, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി ജോണ്‍ വി. ജോസഫ്, കെ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.കെ.ആനന്ദക്കുട്ടന്‍, റഷീദ് കോട്ടപ്പള്ളി, രാജു, സുഹൈബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.