-->
കോട്ടയം: ആവേശപ്പോരിനിറങ്ങുമ്പോഴും പാലായില്‍ മൂന്നു മുന്നണികളിലെയും അകത്തളങ്ങള്‍ അത്ര ആവേശത്തില്‍ അല്ല. പുറമേ കാണുന്ന ഐക്യവും കെട്ടുറപ്പും ഉള്ളിലില്ലെന്നാണു നേതാക്കള്‍ നല്‍കുന്ന വിവരം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങള്‍.
തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പാലായിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും മാണി സി. കാപ്പനും തമ്മിലുള്ള ബന്ധം സുഖകരമല്ല. ഡി.സി.സി. നേതാവ് ഉള്‍പ്പെടെയുള്ളവര്‍ എം.എല്‍.എയ്‌ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റിട്ടിരുന്നു. തുടര്‍ പ്രതികരണമുണ്ടായില്ലെങ്കിലൂം അസ്വസ്‌ഥതകള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. എം.എല്‍.എ. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ ഹൈജാക്ക് ചെയ്‌തിരിക്കുന്നുവെന്ന ആക്ഷേപവും മറു വിഭാഗത്തിനുണ്ട്.
കേരളാ കോണ്‍ഗ്രസ് മുന്നണി മാറുമെന്ന രീതിയിലുണ്ടായ പ്രചാരണം എല്‍.ഡി.എഫില്‍ സൃഷ്‌ടിച്ച അസ്വസ്‌ഥതയും പൂര്‍ണ പരിഹാരത്തിലെത്തിയിട്ടില്ല. കഴിഞ്ഞ തവണ സി.പി.എമ്മിന്റേത് ഉള്‍പ്പെടെ മുഴുവന്‍ ഇടതു വോട്ടുകളും ജോസിനു ലഭിച്ചില്ലെന്ന പരിഭവം കേരളാ കോണ്‍ഗ്രസിനുണ്ട്. ഇത്തവണ ഈ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് എല്‍.ഡി.എഫ്‌്.
ഷോണ്‍ ജോര്‍ജ് സ്‌ഥാനാര്‍ഥിയാകുന്നതില്‍ മണ്ഡലത്തിലെ പഴയകാല ബി.ജെ.പി. നേതാക്കളില്‍ പലര്‍ക്കും സീറ്റ് നോട്ടമിട്ടിരുന്ന നേതാക്കള്‍ക്കും അലോസരമുണ്ട്. ഇതിനിടെ ന്യൂനപക്ഷ മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ് സുമിത് ജോര്‍ജിനു സീറ്റ് നല്‍കണമെന്ന വാദവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.