-->
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വൈറല്‍ മണ്ഡലമാകാന്‍ പാലാ. വാക്‌പോരിലൂടെ അണികളെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്കു നയിക്കുകയാണു നേതാക്കള്‍. മൂന്നു മുന്നണികളും ശക്‌തരെ പോരിനിറക്കുന്നതിലൂടെ ശ്രദ്ധേയമാകുന്നതിനൊപ്പമാണു വാക്‌യുദ്ധവും സജീവമാകുന്നത്.
ജില്ലയില്‍ മറ്റ് എട്ടു മണ്ഡലങ്ങളിലുമില്ലാത്ത വീറും വാശിയും പാലായിലുണ്ടാകുമെന്നും ഉറപ്പായി. പാലായുടെ പേരില്‍ ജോസ് കെ.മാണിയും മാണി സി.കാപ്പനും തമ്മിലുള്ള വാക്‌പോര് തുടക്കം മാത്രമാണെന്നാണ് ഇരു ക്യാമ്പുകളും പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ മാസങ്ങള്‍ക്കു മുമ്പേ പടപ്പുറപ്പാട് ആരംഭിച്ചിരുന്നു.
യു.ഡി.എഫിനായി മാണി സി. കാപ്പന്‍ തന്നെ മത്സരിക്കുമെന്നു നേരത്തെ ഉറപ്പായിരുന്നു. എന്നാല്‍, എല്‍.ഡി.എഫില്‍ ജോസ് കെ.മാണി മത്സരിക്കുമോ, ഇല്ലയോ എന്നതില്‍ നിലനിര്‍ത്തിയിരുന്ന സസ്‌പെന്‍സ് പൊളിച്ച്, അദ്ദേഹം തന്നെ മത്സരിക്കുമെന്നു മന്ത്രി റോഷി അഗസ്‌റ്റിന്‍ പ്രഖ്യാപിച്ചു. ബി.ജെ.പിയ്‌ക്കായി ഷോണ്‍ ജോര്‍ജും മത്സരിക്കുമെന്ന് ഉറപ്പായതോടെ തീപാറും പോരാട്ടമാകും ഇത്തവണ പാലായില്‍ നടക്കുക.
വെറുമൊരു തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നു നേതാക്കള്‍ക്കും പാലായിലെ വിജയം അനിവാര്യമാണ്, അഭിമാന പ്രശ്‌നവുമാണ്. കേരളാ കോണ്‍ഗ്രസ് ഇടതുപാളയത്തിലെത്തിയതിനൊപ്പം മുന്നണി മാറി കഴിഞ്ഞ തവണ മത്സരിച്ച മാണി സി.കാപ്പന്‍ ജോസ് കെ. മാണിയെ തറപ്പറ്റിച്ചിരുന്നു.
2016ലെ വിജയം താത്‌കാലികമായിരുന്നില്ലെന്നു തെളിയിക്കാന്‍ കാപ്പന് ഇത്തവണയും വിജയിച്ചേ മതിയാകൂ.
സ്‌ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കിലൂം ജോസ് കെ.മാണി അഞ്ചു വര്‍ഷമായി പാലായ്‌ക്കൊപ്പമായിരുന്നു. എം.പി ഫണ്ടില്‍ ഭൂരിഭാഗവും പാലായില്‍ ചെലവഴിച്ചപ്പോള്‍ മുന്നണിയിലെ സ്വാധീനമുപയോഗിച്ചു വിവിധ പദ്ധതികള്‍ മണ്ഡലത്തില്‍ എത്തിക്കുകയും മണ്ഡലത്തില്‍ സജീവമാകുകയും ചെയ്‌തു.
മുന്നണി മാറ്റം ദഹിക്കാത്തതുള്‍പ്പെടെയുള്ള വിഷയങ്ങളാണു കഴിഞ്ഞ തവണത്തെ പരാജയത്തിനു കാരണമെന്നു തെളിയിക്കുന്നതിനൊപ്പം പാലായുടെ നേതാവ് താനാണെന്ന് തെളിയിക്കേണ്ട ബാധ്യതയും ജോസിനുണ്ട്.
തെരഞ്ഞെടുപ്പ് ഒരുക്കത്തില്‍ ഒട്ടും പിന്നിലല്ല ഷോണ്‍ ജോര്‍ജും ബി.ജെ.പിയും. മണ്ഡലത്തിന്റെ മലയോര മേഖലയിലെ സ്വാധീനം, ന്യൂനപക്ഷ വോട്ടുകള്‍, ബി.ജെ.പി. വോട്ട് എന്നിവയിലാണു ഷോണിന്റെ പ്രതീക്ഷ. 2021ല്‍ കാല്‍ ലക്ഷം കടന്ന ബി.ജെ.പി. വോട്ട് പിന്നീട് കുറഞ്ഞുവെങ്കിലും ഇത്തവണ പെട്ടിയില്‍ വീഴുമെന്നു തന്നെയാണു ഷോണിന്റെ വിശ്വാസം.