-->
അടിമാലി: മലയോര കര്‍ഷകരുടെ തീരാ ദുരിതങ്ങള്‍ക്ക് കാരണം കാലഹരണപ്പെട്ട കേന്ദ്ര നിയമങ്ങളാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. എല്‍.ഡി.എഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബോധപൂര്‍വം ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടക്കുന്നു. പട്ടയവിഷയം, വന്യമൃഗശല്യം, ബഫര്‍ സോണ്‍ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാം പ്രതികൂലമാകുന്നത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സര്‍ക്കാരുകള്‍ ചെയ്‌ത അബദ്ധങ്ങളുടെ ഭാഗമാണ്. സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗമായിരുന്ന വനംവകുപ്പിനെ കണ്‍കറന്റ് ലിസ്‌റ്റില്‍ എത്തിക്കാനായി നാലുവട്ടം യു.ഡി.എഫ് സര്‍ക്കാര്‍ ഭരണഘടന ഭേദഗതി വരുത്തി.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ മൂന്നുവട്ടവും ഭേദഗതി വരുത്തി. മണ്ണിനെയും പ്രകൃതിയെയും വനങ്ങളെയും സംരക്ഷിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടാക്കിയ നിയമങ്ങളിലെ ചട്ടങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ല. കാര്‍ഷിക മേഖലയെ തകര്‍ത്ത ആസിയന്‍ കരാറും കൊണ്ടുവന്നത് കോണ്‍ഗ്രസ് മുന്നണിയാണ്. ഇത് കര്‍ഷകര്‍ക്ക് ദോഷമാണെന്ന് ഇപ്പോള്‍ ബി.ജെ.പിയും പറയുന്നു. തലമുറകളായി കര്‍ഷകരുടെ കൈവശമുള്ള ഭൂമി കാലോചിതമായി ഉപയോഗിക്കുവാന്‍ ഇപ്പോഴും അവര്‍ക്ക് സ്വാതന്ത്ര്യമില്ല. കൃഷി അനുബന്ധ വ്യവസായങ്ങള്‍ക്കാവശ്യമുള്ള ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും സ്വന്തം ഭൂമിയില്‍ നടത്താന്‍ കൃഷിക്കാര്‍ക്ക് കഴിയുന്നില്ല. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളും ആധുനിക കാര്‍ഷിക രീതിയും കൃഷി അനുബന്ധ വരുമാനവും കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി മുമ്പുണ്ടാക്കിയ നിയമങ്ങളില്‍ അവിടങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങളും ഭേദഗതികളും വരുത്തിയിട്ടുണ്ട്.
കര്‍ഷകരെ ശത്രുപക്ഷത്ത് നിര്‍ത്തി ഇതിലൊന്നും ഒരു ഭേദഗതിയും വരുത്താത്ത ലോകത്തിലെ ഏകരാജ്യം ഇന്ത്യയാണ്. ഇത് പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണ്.
പതിറ്റാണ്ടുകളായി കേരളമടക്കമുള്ള സംസ്‌ഥാന സര്‍ക്കാരുകളും കൃഷിക്കാരും കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയും പല കാര്യങ്ങള്‍ക്കും കുറ്റം പറയുന്നത് സംസ്‌ഥാന സര്‍ക്കാരിനെയാണ്. ഇക്കാര്യത്തില്‍ ഒരേ തൂവല്‍പ്പക്ഷികളെ പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
കേന്ദ്ര നിയമം കൊണ്ട് പൊറുതിമുട്ടിയിട്ടാണ് സംസ്‌ഥാന സര്‍ക്കാര്‍ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ഭൂപരിഷ്‌കരണ നിയമ ഭേദഗതിയും നിയമസഭയില്‍ പാസാക്കിയത്.
കേന്ദ്ര നിയമ നിലനില്‍ക്കുന്നതിനാല്‍ നിയമസഭ പാസാക്കിയ നിയമങ്ങള്‍ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം വേണം. സംസ്‌ഥാന സര്‍ക്കാര്‍ അതിന് കാത്തിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാനോ സംവാദത്തില്‍ ഏര്‍പ്പെടാനോ കേരളത്തിലെ പ്രതിപക്ഷം തയാറാകുന്നില്ല. പകരം അവര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ്.
വിഷയങ്ങള്‍ ചര്‍ച്ചചെയ്‌താല്‍ സത്യാവസ്‌ഥകള്‍ പുറത്തുവരും. അതിനായി നിയമസഭയില്‍ പോലും യു.ഡി.എഫ് സാന്നിധ്യം അറിയിക്കാതെ ഒളിച്ചോടുകയാണ്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ അനുവദിക്കുന്നതേയില്ല. ഇക്കാര്യത്തില്‍ കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മലയോര മേഖലയിലെ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും പരിഹരിച്ച ഇന്ത്യയിലെ ഏക സംസ്‌ഥാന സര്‍ക്കാര്‍ കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ മാത്രമാണ്. ജനസംഖ്യയുടെ 30% വരുന്ന 60 ലക്ഷത്തോളം ആളുകള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ കേരളത്തില്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. റേഷന്‍ വിതരണം ഇതേവരെ മുടങ്ങിയിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ പവര്‍കട്ട് ഇല്ല. ഭവനരഹിതരായ 5 ലക്ഷത്തോളം കുടുംബങ്ങക്ക് സ്വന്തമായി വീടുകള്‍ നല്‍കി. വയോജന സംരക്ഷണം സംസ്‌ഥാന സര്‍ക്കാരിന്റെ മുഖ്യ വിഷയമായി നടപ്പിലാക്കി തുടങ്ങി.
സര്‍ക്കാര്‍ ഒപ്പമുണ്ടെന്നത് ഇന്ന് കേരളത്തിലെ ഓരോ കുടുംബവും അനുഭവിക്കുന്ന യാഥാര്‍ഥ്യമാക്കി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറ്റിയെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ 2021 നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നിയമസഭയില്‍ കരസ്‌ഥമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
മധ്യമേഖലാ ജാഥാ അംഗങ്ങളായ കെ.കെ ശൈലജ, പി.കെ ബിജു, പി.പി. സുനീര്‍ എം.പി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്,മാത്യൂസ് കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവര്‍ക്കും സ്വീകരണം നല്‍കി. ടൗണില്‍ നടത്തിയ പ്രകടനത്തിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് മൈതാനിയില്‍ സമ്മേളനം സംഘടിപ്പിച്ചത്.