Saturday, March 14, 2026 Last Updated 43 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.14 AM

നെടുംപറമ്പില്‍ ഫിനാന്‍സിനെതിരെ ഇടുക്കി ജില്ലയിലും പരാതി

കുമളി: തിരുവല്ല ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന നെടുംപറമ്പില്‍ ക്രഡിറ്റ്‌ സിന്‍ഡിക്കേറ്റ്‌ ഫിനാന്‍സിനെതിരെ ഇടുക്കി ജില്ലയിലും വ്യാപക പരാതി. ആന്റോ ആന്റണി എം.പി. വാങ്ങിയ രണ്ടു കോടി രൂപ തിരികെ നല്‍കിയില്ലെന്ന ഫിനാന്‍സ്‌ ഉടമ എന്‍.എം. രാജുവിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിനു പിന്നാലെയാണ്‌ നെടുംപറമ്പില്‍ ഫിനാന്‍സില്‍ തട്ടിപ്പിനിരയായിട്ടുള്ള ജില്ലയിലെ നിക്ഷേപകര്‍ പരാതി ഉന്നയിച്ചിട്ടുള്ളത്‌.
വീട്‌ പണിയുന്നതിനും പെണ്‍മക്കളുടെ വിവാഹത്തിനുമായി സ്വരൂപിച്ച്‌ വച്ചിരുന്ന തുകയാണ്‌ വലിയ വാഗ്‌ദാനങ്ങള്‍ നല്‍കി നിക്ഷേപമായി വാങ്ങിയത്‌. പാവങ്ങളില്‍ നിന്ന്‌ നിക്ഷേപമായി വാങ്ങിയ തുകയാണ്‌ രാഷ്‌ട്രീയകാര്‍ക്കും മറ്റും സഹായമായി നല്‍കിയതെന്നാണ്‌ എന്‍.എം. രാജുവിന്റെ വെളിപ്പെടുത്തലില്‍ വ്യക്‌തമാകുന്നത്‌. ജില്ലയിലെ വിവിധ ബ്രാഞ്ചുകള്‍ വഴി കോടി കണക്കിന്‌ രൂപയാണ്‌ നിക്ഷേപമായി വാങ്ങുകയും കാലാവധി കഴിഞ്ഞും തിരികെ നല്‍കാതിരിക്കുകയും ചെയ്‌തിരിക്കുന്നത്‌. ഇതിനോടകം മിക്ക ബ്രാഞ്ചുകളും അടച്ച്‌ പൂട്ടി ജീവനക്കാര്‍ മുങ്ങിയതായാണ്‌ നിക്ഷേപകരുടെ ആക്ഷേപം. വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന്‌ ബ്രാഞ്ചുകളിലെ വൈദ്യുതി മാസങ്ങള്‍ മുമ്പ്‌ തന്നെ വിഛേദിച്ചിരുന്നു. ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ക്ക്‌ ഒരു വര്‍ഷമായി വാടക മുടങ്ങിയിരിക്കുകയാണെന്ന്‌ കെട്ടിട ഉടമകളും പരാതിപ്പെടുന്നു. ഇതെല്ലം ചൂണ്ടിക്കാട്ടി ഫൈനാന്‍സ്‌ ഉടമക്കെതിരെ നിയമ നടപടികള്‍ക്ക്‌ ഒരുങ്ങുകയാണ്‌ കെട്ടിട ഉടമകള്‍.
നിക്ഷേപം തിരികെ ലഭിക്കാതെ വന്നതോടെ വീടു പണിയും പെണ്‍മക്കളുടെ വിവാഹവും മുടങ്ങിയതിന്റെ വേദനയില്‍ നെടുംപറമ്പില്‍ ക്രഡിറ്റ്‌ സിന്‍ഡിക്കേറ്റിന്റെ ബ്രാഞ്ചുകള്‍ക്കു മുന്നിലെത്തി ശാപവാക്കുകള്‍ പറഞ്ഞാണ്‌ നിക്ഷേപകര്‍ മടങ്ങുന്നത്‌. ഇതിനിടെ ഇടുക്കി, കോട്ടയം ജില്ലകളില്‍ തട്ടിപ്പിനിരയായവര്‍ സംയുക്‌തമായി പാമ്പാടിയില്‍ യോഗം ചേര്‍ന്ന്‌ നിയമ നടപടികള്‍ക്കുള്ള ആലോചനകള്‍ ആരംഭിച്ചു. നിയമോപദേശത്തിന്‌ അഭിഭാഷകരുമായി സംസാരിക്കുകയും ചെയ്‌തതായിട്ടാണ്‌ അറിവ്‌.

Ads by Google
Advertisement
Wednesday 11 Feb 2026 10.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW