-->
കട്ടപ്പന: ഭൂവിഷയങ്ങളില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് മലയോര ജനതയോട് പുലര്‍ത്തുന്ന നെറികെട്ട നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. 60 വര്‍ഷക്കാലമായി സര്‍ക്കാര്‍ അനുമതിയോടുകൂടി നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ അനധികൃതമാണെന്ന് സര്‍ക്കാര്‍ വ്യാഖ്യാനിക്കുകയാണെങ്കില്‍, അനുമതി നല്‍കിയ സര്‍ക്കാരാണ് കുറ്റം ചെയ്‌തതെന്ന് സമ്മതിക്കാന്‍ തയ്യാറാകണം. തെറ്റായ രീതിയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെങ്കില്‍ ആ തെറ്റ് തിരുത്തി പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാവുന്നതിന് പകരം, കുറ്റം ജനങ്ങളുടെ മേല്‍ ചുമത്തി ക്രമവല്‍ക്കരണത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ല.
സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡല കേന്ദ്രങ്ങളിലും ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 13ന് വണ്ടിപ്പെരിയാര്‍, 14ന് അടിമാലി, 16ന് നെടുങ്കണ്ടം, 17ന് വണ്ണപ്പുറം, മുരിക്കാശേരി എന്നീ കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍. പരിപാടിയില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.