-->
കൊച്ചി: കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് എറണാകുളം ജില്ലയുടെ വ്യവസായ മേഖലയില്‍ 7,410 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്‌റ്റ് ഹൗസില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 386 ഇടത്തരം/വന്‍കിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികളാണ് ജില്ലാ വ്യവസായ കേന്ദ്രം സ്വീകരിച്ചത്. ഈ പദ്ധതികളില്‍ 135 എണ്ണം ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ ജില്ലയില്‍ ആകെ 63,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനായി. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ കേരളം ഒരു പ്രധാന നിക്ഷേപ കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.
പെരുമ്പാവൂരിലെ റയോണ്‍സ് ഭൂമിയിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മന്ത്രി വ്യക്‌തമാക്കി. അവിടെ 15,000 ചതുരശ്രയടിയില്‍ പൂര്‍ത്തിയാക്കിയ ആദ്യ വ്യവസായ യൂണിറ്റിന്റെ ഉദ്‌ഘാടനവും മറ്റു രണ്ട് യൂണിറ്റുകളുടെ തറക്കല്ലിടലും ഇന്നു നടക്കും. മരങ്ങള്‍ മുറിക്കാതെ സംരക്ഷിച്ചുകൊണ്ട് ഗ്രീന്‍ ബില്‍ഡിംഗ് രീതിയിലാണ് ഈ യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ ഇതിനോടകം നൂറോളം പേര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചു. ദാവോസ് സന്ദര്‍ശന വേളയില്‍ കേരളത്തെ ലോകത്തിന് മുന്നില്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും നിക്ഷേപകര്‍ക്ക് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വിദഗ്‌ധര്‍ ക്ലാസുകള്‍ നയിച്ചു. ബിയോണ്ട് കോംപറ്റീഷന്‍: എ ന്യൂ ഗ്രോത്ത് സ്‌ട്രാറ്റജി എന്ന വിഷയത്തില്‍ ഡോ. പി.പി. വിജയനും, ഇന്‍വെസ്‌റ്റ്മെന്റ് പ്ര?ജക്‌റ്റ് പ്രിപ്പറേഷന്‍ എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി.സ്വപ്‌നയും, ഡി.ഐ.സി ഫെസിലിറ്റേഷന്‍ സപ്പോര്‍ട്ടിനെക്കുറിച്ച് മാനേജര്‍ അനീഷ് മാനുവലും സംസാരിച്ചു. സംരംഭകരുടെ പ്രോജക്‌റ്റുകള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന പ്രത്യേക സെഷനും പരിപാടിയുടെ ഭാഗമായി നടന്നു.
ചടങ്ങില്‍ കലക്‌ടര്‍ ജി.പ്രിയങ്ക, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ടോം തോമസ്, ലീഡ് ബാങ്ക് മാനേജര്‍ സി. അഭിലാഷ്, ഡി.ഐ.സി മാനേജര്‍ കെ. സിന്‍സി മോള്‍ ആന്റണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ട നൂറോളം സംരംഭകരും പങ്കെടുത്തു.