Sunday, March 15, 2026 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.10 AM

പള്ളിപ്പാന നാലാം ദിവസത്തിലേക്ക്‌; ദര്‍ശനസായൂജ്യമായി ഇടുപണബലി ചടങ്ങ്‌

uploads/news/2026/02/824952/2.jpg

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണ ക്ഷേത്രസന്നിധിയില്‍ നടന്നുവരുന്ന പള്ളിപ്പാന ഇന്ന്‌ നാലാം ദിവസത്തിലേക്ക്‌. മൂന്നാം നാളായിരുന്ന ഇന്നലെ നടന്ന ഇടുപണബലി ചടങ്ങ്‌ ഭക്‌തര്‍ക്ക്‌ ദര്‍ശനസായൂജ്യമായി. പള്ളിപ്പന്തലിനു മുന്‍വശം പകുതിക്ക്‌ തെക്കുഭാഗത്തായി അഞ്ചടി നീളത്തിലും മൂന്നടി വീതിയിലും ഒന്നേകാല്‍ അടി താഴ്‌ചയിലും ഒരു കുഴി നിര്‍മ്മിച്ച്‌ ആരോഗ്യദൃഢഗാത്രനായ വാണാള്‍ കോഴിയെ ഇടുന്ന സങ്കല്‌പത്തില്‍ കുഴിയില്‍ നിക്ഷേപിച്ച്‌ കുഴി തേക്കിന്‍ പലക വച്ച്‌ അടച്ച്‌ അതിനു മുകളില്‍ ഭീഷ്‌മ ശരശയനം നടത്തുന്ന ചടങ്ങാണിത്‌.
പള്ളിപ്പാന ചടങ്ങുകളുടെ സമാപന ദിവസം കോഴി ജീവനോടെ ഉണ്ടാകും എന്നതാണ്‌ വിശ്വാസം. കോഴിയെ കുഴിയില്‍ ഇറക്കിയതും ഭീഷ്‌മരൂപ പ്രതിഷ്‌ഠയും ഭക്‌തര്‍ക്ക്‌ വേറിട്ട കാഴ്‌ചയായി.
കോഴിയെ ഇറക്കിയശേഷം കുഴിക്ക്‌ മുകളില്‍ വച്ച പലകയില്‍ ചടങ്ങിന്റെ മുഖ്യ കര്‍മ്മി ചെമ്പകശേരി കൂത്താടി ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ ഭീഷ്‌മരൂപം നിര്‍മ്മിച്ചു. സപ്‌ത നദികളില്‍നിന്നും ശേഖരിച്ച ജലവും മണ്ണും ചെളിയും ചിതല്‍പ്പുറ്റും ചേര്‍ത്ത്‌ കുഴച്ചാണ്‌ ഭീഷ്‌മരൂപം നിര്‍മ്മിച്ചത്‌. തുടര്‍ന്ന്‌ വാഴപ്പോളയില്‍ ഭീഷ്‌മര്‍ക്ക്‌ ശരശയ്യ ഒരുക്കി. ചെമ്പകശേരി തച്ചന്‍ വെട്ടിയതിനകം വാസുദേവന്‍ ആശാരിയും സംഘവും ചേര്‍ന്ന്‌ തടിയില്‍ ഭീഷ്‌മരുടെ ആയുധങ്ങളും ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ രൂപങ്ങളും പ്രതിമകളും നിര്‍മ്മിച്ച്‌ ഭീഷ്‌മരൂപത്തിനു ചുറ്റും പ്രതിഷ്‌ഠിച്ചു.
ഭീഷ്‌മ രൂപത്തിന്‌ നാലുവശവും കുലവാഴകള്‍ നാട്ടി പോളപ്പ തങ്ങള്‍ നിരത്തി 64 കളങ്ങള്‍ നിര്‍മ്മിച്ച്‌ ആരതി ഉഴിഞ്ഞു. ആകാശ ഗംഗയിലെ ജലം ഭീഷ്‌മര്‍ക്ക്‌ നല്‍കുന്നു എന്ന സങ്കല്‌പത്തില്‍ ഭീഷ്‌മ രൂപത്തിന്‌ മുകളിലായി ജലംനിറച്ച കലശക്കുടം പള്ളിപ്പന്തലില്‍ കെട്ടിത്തൂക്കി. കുടത്തിന്റെ വായ്‌ ഭാഗം മൂടിക്കെട്ടിയ ശേഷം ചെറിയ സുഷിരത്തിലൂടെ നൂല്‍ ബന്ധിച്ച്‌ ഭീഷ്‌മ രൂപത്തിന്റെ വായ്‌ ഭാഗത്തേക്ക്‌ ചേര്‍ത്തു. ഭീഷ്‌മരൂപത്തിന്‌ ചൈതന്യം പകരുന്ന സങ്കല്‌പത്തില്‍ മേല്‍ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട്‌ പൂജകള്‍ നടത്തി.
തുടര്‍ന്ന്‌ ഇഞ്ച വേര്‌, പന വേര്‌, മുള പേര്‌, നാരകത്തിന്റെ വേര്‌ എന്നിവയും നെയ്യ്‌, വെളിച്ചെണ്ണ, നല്ലെണ്ണ എന്നിവ ചേര്‍ത്ത്‌ തയാറാക്കിയ മൂന്നെണ്ണയും കൂട്ടി കൂത്താടികള്‍ ഭീഷ്‌മരൂപത്തിന്‌ സമീപം ഹോമം നടത്തി. തുടര്‍ന്ന്‌ ഭീഷ്‌മരൂപത്തിന്‌ സമീപം പറകൊട്ടി ഭാരതം കഥ പാടി ഓത്ത്‌ നടത്തി.
ഓത്ത്‌ പൂര്‍ത്തിയായശേഷം ദേവ ചൈതന്യം ആവാഹിച്ച കോയ്‌മ വടി പള്ളിപ്പന്തലില്‍നിന്നും തിരിച്ചെഴുന്നള്ളിച്ച്‌ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള മുറിയില്‍ സൂക്ഷിച്ച ശേഷം കുടിലുകളില്‍ മുറോത്ത്‌ ആരംഭിച്ചു.
കോഴിയെ കുഴിച്ചിടുന്നതും ഭീഷ്‌മ ശരശയനവും ദര്‍ശിക്കുന്നതിന്‌ വന്‍ ഭക്‌തജന ത്തിരക്ക്‌ അനുഭവപ്പെട്ടു.
ഇന്ന്‌ ഓത്തും മുറോത്തും കഴിഞ്ഞശേഷം തട്ടുബലി നടക്കും. ആകാശസഞ്ചാരികളായ യക്ഷ, ഗന്ധര്‍വ്വ കിന്നര ദേവതകളുടെ പ്രീതിക്കായാണ്‌ തട്ടുബലി നടത്തുന്നത്‌.
ആറു കുടിലുകളുടെ മുന്നിലായി 24 അടക്കാ മരങ്ങള്‍ കുഴിച്ചിട്ട്‌ അതിന്റെ മുകളില്‍ പലക കൊണ്ട്‌ തട്ടുണ്ടാക്കി അതിന്റെ മുകളില്‍ നിന്നാണ്‌ കൂത്താടികള്‍ പൂജ നടത്തുന്നത്‌.

Ads by Google
Advertisement
Wednesday 11 Feb 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW