-->
ഹരിപ്പാട്: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. പുന്നപ്ര സ്വദേശിയായ അരുണ്‍ (28) ആണ് ഹരിപ്പാട് കോടതിയില്‍ ഹാജരാക്കുന്നതിനിടെ രക്ഷപ്പെട്ടത്. പിന്തുടര്‍ന്നു ഓടിയ പോലീസ് ഏഴിക്കകത്ത് ജംഗ്‌ഷന് കിഴക്ക് റെയില്‍വേ ട്രാക്കിന് സമീപത്തുനിന്ന് പിടികൂടി.
2023ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ പ്രായപൂര്‍ത്തി യാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അരുണിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. കോടതി ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വിദേശത്തേക്ക് മുങ്ങി.
തുടര്‍ച്ചയായി കേസിന്റെ അവധിക്ക് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പടുവിച്ചിരുന്നു. അരുണ്‍ നാട്ടില്‍ എത്തിയ വിവരം രഹസ്യമായി അറിഞ്ഞ അമ്പലപ്പുഴ പോലീസ് കഴിഞ്ഞ ഞായറാഴ്‌ച കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാവിലെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടത്.