-->
മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ച സംഭവത്തില്‍ വോളിബോള്‍ പരിശീലകന്‍ അറസ്‌റ്റില്‍. ചെറുകോല്‍ കറുകയില്‍ പുത്തന്‍വീട്ടില്‍ ആന്റോ ആന്റണി(30)യെയാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്‌റ്റ് ചെയ്‌തത്. ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി ഇയാളുടെ വീട്ടില്‍ കൊണ്ടുപോയാണ് ബിയര്‍ നല്‍കി പീഡനം നടത്തിയത്.
വിവരം ശ്രദ്ധയില്‍ പെട്ട മാതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്‌ടര്‍ രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ വിഷ്‌ണു അജയ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്‌റ്റിലായത്. നവോദയ വിദ്യാലയത്തിലെ താല്‍ക്കാലിക വോളിബോള്‍ പരിശീലകനാണ് ഇയാള്‍. ചെങ്ങന്നൂര്‍ ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തു.