-->
അമ്പലവയല്‍: മഞ്ഞപ്പാറയിലെ വ്യൂപോയിന്റില്‍ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നു. ദിവസേന ഒട്ടേറെ സന്ദര്‍ശകരെത്തുന്ന ഇവിടെ അവധി ദിവസങ്ങളിലും ആഴ്‌ചയവസാനങ്ങളിലും സന്ദര്‍ശകരുടെ എണ്ണം വീണ്ടും വര്‍ധിക്കും. ആര്‍ക്കും എളുപ്പത്തില്‍ കയറാന്‍ സാധിക്കുന്ന ചെറിയ കുന്നുപോലുള്ള പാറകളും അതിന് മുകളിലെത്തിയാലുള്ള കാഴ്‌ചയുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. അമ്പലവയല്‍ ടൗണില്‍ നിന്ന് ഏറെ അകലെയല്ലാത്തതിനാല്‍ സന്ദര്‍ശകര്‍ക്ക് എത്തിപ്പെടാനും എളുപ്പമാണെന്നതാണ് മഞ്ഞപ്പാറയെ സന്ദര്‍ശകരുടെ ഇഷ്‌ട കേന്ദ്രമാക്കുന്നത്.
എന്നാല്‍, മഞ്ഞപ്പാറയില്‍ വേണ്ടത്ര സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു സഞ്ചാരികള്‍ പരാതിപ്പെടുന്നു. റവന്യു ഭൂമിയിലാണ് സ്‌ഥിതി ചെയ്യുന്നതെന്നതിനാല്‍ സന്ദര്‍ശകര്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കാന്‍ അധികൃതര്‍ ശ്രമിച്ചാല്‍ നടപ്പാകും. ഇവിടേക്കുള്ള റോഡ് കുഴികളും കല്ലുകളും നിറഞ്ഞു. ദുരിതയാത്ര ചെയ്‌താണു സഞ്ചാരികള്‍ വ്യൂപോയിന്റില്‍ എത്തുന്നത്. പാറകള്‍ പൊട്ടിച്ച ഭാഗങ്ങളില്‍ വേലിയോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തതിനാല്‍ അപകട സാധ്യത ഏറെയാണ്. ക്വാറിക്കുളങ്ങളുടെ ആഴമോ അപകടമോ മനസ്സിലാക്കാതെ വെള്ളത്തിലിറങ്ങുന്നവര്‍ അപായസാധ്യത വര്‍ധിപ്പിക്കുന്നു. ഇവിടെ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്‌തമാണ്.
മഞ്ഞപ്പാറ വ്യൂ പോയിന്റിന്റെ ടൂറിസം സാധ്യത പരമാവധി ഉപയോഗിക്കുന്നതിനോടെപ്പം സുരക്ഷാ സംവിധാനവും ഒരുക്കി അമ്പലവയലിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സമയം ചെലവഴിക്കാനും ആസ്വദിക്കാനുമുള്ള ഇടമായി മാറ്റണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.