-->
പേരാമ്പ്ര: മലയോരത്തെ പ്രധാന ചെറുപുഴയായ താനിക്കണ്ടി പുറയങ്കോട് ചെറുപുഴയില്‍ പലേടങ്ങളിലും കടപുഴകിയ വൃക്ഷങ്ങളും മരക്കമ്പുകളും വീണടിത്ത് ഒഴുക്ക് തടസപ്പെട്ടതായി നാട്ടുകാരുടെ പരാതി. കൂത്താളി, ചങ്ങരോത്ത് എന്നീ ഗ്രാമപഞ്ചായത്തുമേഖലകളിലൂടെയാണ് പ്രധാനമായും പുഴ ഒഴുകുന്നത്.
കൂത്താളി പഞ്ചായത്തിലെ നാലാം വാര്‍ഡ്, ചങ്ങരോത്ത് പഞ്ചായത്തിലെ പത്താം വാര്‍ഡ് എന്നിവിടങ്ങളിലെ പുറയങ്കോട്, വിളയാറ, ഏരം തോട്ടം മേഖലകളിലാണ് നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നത്. പലപ്പോഴും ഇവിടങ്ങളില്‍ വെള്ളം തളം കെട്ടി മലിനമായതുകാരണം ആരോഗ്യ ഭീഷണി നേരിടുന്നതായും പരാതിയുണ്ട്. വേനല്‍ കടുത്തതോടെ നിരവധി പേരാണ് ചെറുപുഴകളില്‍ കുളിക്കാനെത്തുന്നത്. കഴിഞ്ഞ ദിവസം പുഴയില്‍ കുളിച്ചവര്‍ക്ക് ശരീരത്തില്‍ ചൊറിച്ചില്‍ വന്ന് വൃണങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. കിലോമീറ്ററുകള്‍ക്കപ്പുറങ്ങളില്‍ നിന്ന് ഒഴുകി വരുന്ന പുഴക്കരകളില്‍ നിന്ന് ആരെല്ലാമോ വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്ക് കുപ്പികളും മറ്റും പലയിടത്തും കെട്ടിക്കിടക്കുന്ന നിലയിലാണ്. പുഴയിലെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്നും ഇരുവശങ്ങളിലെയും കാടുകള്‍ വെട്ടി തെളിച്ച് ശുചീകരിക്കണമന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.