Wednesday, March 11, 2026 Last Updated 52 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.39 AM

സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആര്‍. കേളു

uploads/news/2026/02/824899/1.jpg

താമരശേരി: സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച്‌ ബോധവാന്മാരാകാനും അവ ഉപയോഗപ്പെടുത്താനും അടിസ്‌ഥാന ജനവിഭാഗങ്ങള്‍ക്ക്‌ സാധിക്കണമെന്ന്‌ പട്ടികജാതി-പട്ടികവര്‍ഗ വികസന-പിന്നാക്ക ക്ഷേമ വകുപ്പ്‌ മന്ത്രി ഒ.ആര്‍.കേളു. സംസ്‌ഥാന പട്ടികജാതി വികസന വകുപ്പിന്റെ 2021-22 വര്‍ഷത്തെ അംബേദ്‌കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം പൂര്‍ത്തീകരിച്ച കട്ടിപ്പാറ ചമല്‍ അംബേദ്‌കര്‍ നഗറിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത്‌ നാട്‌ വേഗത്തില്‍ വളരുകയാണ്‌. എല്ലാ വിഭാഗം ജനങ്ങളെയും ഇതിനൊപ്പം ഉയര്‍ത്തുക എന്നതാണ്‌ സര്‍ക്കാര്‍ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലും സ്‌ത്രീ ശാക്‌തീകരണത്തിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പട്ടികജാതി വികസന കോര്‍പ്പറേഷന്‍ മുഖേന നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്‌. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ വിനിയോഗിച്ചാണ്‌ അംബേദ്‌കര്‍ നഗറിലെ വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്‌. വീടുകളുടെ റിപ്പയര്‍, ഗതാഗത സൗകര്യ വികസനം, സാംസ്‌കാരിക നിലയ നിര്‍മാണം, പരിസര സൗന്ദര്യവത്‌കരണം എന്നിവയാണ്‌ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്‌. അംബേദ്‌കര്‍ നഗര്‍ പരിസരത്ത്‌ നടന്ന ചടങ്ങില്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക മംഗലത്ത്‌, ജില്ലാ പഞ്ചായത്ത്‌ അംഗം രാജേഷ്‌ ജോസ്‌, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിന, വൈസ്‌ പ്രസിഡന്റ്‌ പ്രേംജി ജെയിംസ്‌, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷരായ വി.കെ. ജംഷീന, മുഹമ്മദ്‌ ഹാഷിം, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജിന്‍സി തോമസ്‌, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ നിതീഷ്‌ കല്ലുള്ളതോട്‌, എന്‍.അഖില്‍, കെ.സി.ലെനിന്‍, സൗമ്യ പ്രജീഷ്‌, ശ്രീജില ശ്രീജിത്ത്‌, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.പി. ശൈലേഷ്‌, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം.പി.നൗഷാദ്‌ അലി, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കട്ടിപ്പാറ-ചമല്‍ അംബേദ്‌കര്‍ നഗറില്‍ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി ഒ ആര്‍ കേളു തൊട്ടടുത്ത ചമല്‍ കാരപ്പറ്റ അങ്കണവാടി സന്ദര്‍ശിച്ചു. കുശലം പറഞ്ഞ കുട്ടികള്‍ക്കൊപ്പം ഫോട്ടോകള്‍ എടുത്താണ്‌ മന്ത്രി മടങ്ങിയത്‌. സര്‍ക്കാര്‍ അംഗീകരിച്ച മെനു പ്രകാരം കുട്ടികള്‍ക്ക്‌ ഭക്ഷണം നല്‍കുന്നുണ്ടെന്ന്‌ മന്ത്രി ഉറപ്പ്‌ വരുത്തി.

Ads by Google
Advertisement
Wednesday 11 Feb 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW