-->
പെരിന്തല്‍മണ്ണ: പി.ടി.എം. ഗവ. കോളജിന്റെ അമ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ സുവര്‍ണ്ണം 2025 വിപുലമായ പരിപാടികളോടെ നാളെ സമാപിക്കും. സമാപനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം മൂന്നിന് സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പട്ടാമ്പി ജംഗഷനില്‍ നിന്ന് തുടങ്ങുന്ന ഘോഷയാത്ര പെരിന്തല്‍മണ്ണ നഗരത്തില്‍ അവസാനിക്കും. സമാപനത്തില്‍ എന്‍.എസ് എസ്. വളണ്ടിയര്‍മാര്‍ ലഹരിക്കെതിരെയുള്ള ഫ്‌ലാഷ് മോബ് അവതരിപ്പിക്കും. അമ്പത് വര്‍ഷത്തെ മഹത്തായ പൈതൃകം ഉള്‍കൊള്ളുന്ന പി.ടി.എമ്മിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം കഴിഞ്ഞ വര്‍ഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ട് നിന്ന വൈജ്‌ഞാനിക കലാ സാംസ്‌കാരിക പരിപാടികള്‍ നടത്തി.
സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച അമ്പതിന പദ്ധതിയുടെ ഭാഗമായി വിവിധ പഠന വകുപ്പുകള്‍ക്ക് കീഴില്‍ ദേശീയ-അന്തര്‍ദേശീയ സെമിനാറുകള്‍, ഗവേഷണ ശില്‍പപശാലകള്‍, വിവിധ ക്ലബ്ബുകളുടെ മേല്‍നോട്ടത്തില്‍ ലീഗല്‍, ആന്റി റാഗിംഗ്, സ്‌ത്രീശാക്‌തീകരണം തുടങ്ങിയ ബോധവല്‍കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്കായി മെഗാ എക്‌സ്പോ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്വിസ് മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ നടത്തി. സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപന സമ്മേളനം നാളെ രാവിലെ 11ന് സ്‌ഥലം എം.എല്‍.എ. നജീബ് കാന്തപുരം ഉദ്‌ഘാടനം ചെയ്ും.യ
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുരയ്യ ഫാറൂഖ് അക്ഷത വഹിക്കും. മഞ്ഞളാംകുഴി അലി എം.എല്‍.എ, മുന്‍ മന്ത്രി എന്‍. സൂപ്പി, വി. ശശികുമാര്‍ അതിഥികളായി പങ്കെടുക്കും. കൗണ്‍സിലര്‍ ശര്‍ളിജ, രാമചന്ദ്രന്‍, അബ്‌ദുല്‍ കരീം (മുന്‍ ഐ.പി.എസ്), കോളജ് യൂണിയന്‍ ചെയര്‍മാന്‍ നവാസ് സംബന്ധിക്കും. വൈകിട്ട് അഞ്ചിന് ഗായിക നിസ അസീസിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ഗസല്‍ സന്ധ്യയും ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ്ണജൂബിലി ആഘോഷ പരിപാടികള്‍ പി.ടി.എം. കോളജിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. അഫ്‌സല്‍ ജമാല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. അഫ്‌സല്‍ ജമാല്‍, ഡോ. നൂറുല്‍ അമീന്‍, അലുംനി പ്രസിഡന്റ് അബ്‌ദുല്‍ കരിം, ഡോ. വി. ഹരിദാസന്‍, മീഡിയ കോഡിനേറ്റര്‍ ഡോ. യു.പി. യഹ്‌യാഖാന്‍ പങ്കെടുത്തു.