-->
കോട്ടയം: ഓള്‍ കേരള പോളിടെക്‌നിക് ഗെയിംസ് മത്സരങ്ങള്‍ കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടങ്ങി. കോട്ടയം ഗവ.പോളിടെക്‌നിക് കോളജാണ് ആതിഥേയര്‍. എം.ജി. സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്‌ടര്‍ പ്രഫ. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം ഗവ. പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.ഡി. ആഷ അധ്യക്ഷത വഹിച്ചു. ഷിബു ഗണേഷ്, വി. അനില്‍, മുഹമ്മദ് ഷിജു, നെഗുല്‍ ബ്രൈറ്റ് എന്നിവര്‍ പ്രസംഗിച്ചു.
ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എടവണ്ണ ഓര്‍ഫനേജ് പോളിടെക്‌നിക് ഒന്നാംസ്‌ഥാനവും മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് രണ്ടാംസ്‌ഥാനവും ആലപ്പുഴ കാര്‍മല്‍പോളി മൂന്നാംസ്‌ഥാനവും നേടി. ഓര്‍ഫനേജ് പോളിടെക്‌നിക്കിലെ പി.വി.ഭവിത്ത് ആണു മികച്ച കളിക്കാരന്‍. അമലഗിരി ബി.കെ.കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിനി തോമസ് സമ്മാനവിതരണം നടത്തി.
ഷട്ടില്‍ ബാഡ്‌മിന്റണ്‍ മത്സരങ്ങളില്‍ വനിതാവിഭാഗത്തില്‍ നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളജ്, പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമണ്‍ പോളിടെക്‌നിക്, കായംകുളം ഗവ. വിമണ്‍ പോളിടെക്‌നിക് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി. മികച്ച കളിക്കാരിയായി നെടുമങ്ങാട് പോളിയിലെ ബി.അനന്യ തെരഞ്ഞെടുക്കപ്പെട്ടു. പുരുഷവിഭാഗം മത്സരങ്ങളില്‍ തൃശൂര്‍ എം.ടി.ഐ., നോര്‍ത്ത് പറവൂര്‍ കൂട്ടുക്കാരന്‍ പോളിടെക്‌നിക്, പെരിന്തല്‍മണ ഗവ. പോളിടെക്‌നിക് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി. മികച്ച കളിക്കാരനായി എം.ടി.ഐയിലെ വസുദേവ് തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ് സമ്മാനവിതരണം നടത്തി.
വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് കേരള ഗവ. പോളിടെക്‌നിക് കോളജ് ചാമ്പ്യന്‍മാരായി. ഏരീസ് അട്ടപ്പാടി രണ്ടാം സ്‌ഥാനവും ആലപ്പുഴ കാര്‍മല്‍ പോളി മൂന്നാംസ്‌ഥാനവും നേടി. കോഴിക്കോട് പോളിയിലെ തൃഷ്‌ണജിത്ത് ബെസ്‌റ്റ് അറ്റാക്കറായും അതേ കോളജിലെ തന്നെ അര്‍ജുന്‍ ദേവ് ബെസ്‌റ്റ് സെറ്ററായും ഏരീസ് അട്ടപ്പാടിയിലെ അശ്വിനെ ബെസ്‌റ്റ് പെര്‍ഫോമറായും തെരഞ്ഞെടുത്തു.