-->
കായികപ്രതിഭകള്‍ക്കായി ഒരുങ്ങുന്നു അത്യാധുനിക സ്‌റ്റേഡിയം. ചങ്ങനാശേരി നഗരസഭ സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ മികച്ച സ്‌റ്റേഡിയമായി നഗരസഭ സ്‌റ്റേഡിയം മാറും.
സംസ്‌ഥാന കായികവകുപ്പ് അനുവദിച്ച 5.25 കോടി രൂപ വിനിയോഗിച്ചാണു സ്‌റ്റേഡിയം നവീകരിക്കുന്നത്. 109 മീറ്റര്‍ നീളവും 69 മീറ്റര്‍ വീതിയുമുള്ള ഗ്രൗണ്ടില്‍ ആധുനിക സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. പ്രഭാതസവാരിക്കായി പൊതുജനങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന വാക് വേയും ഒരുങ്ങുന്നുണ്ട്. ഏറെ നാളായി ശോച്യാവസ്‌ഥയിലായിരുന്നു സ്‌റ്റേഡിയം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
പുരോഗമിക്കുന്നത്
ദേശീയതല ടൂര്‍ണമെന്റുകള്‍ക്ക് അനുയോജ്യമായ എല്‍.ഇ.ഡി. ഫ്‌ളഡ്‌ലിറ്റ് സ്‌ഥാപിക്കല്‍, ഫെന്‍സിങ്, കേര്‍ബ് പണികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. ഇറക്കുമതി ചെയ്‌ത ബര്‍മൂഡ ഗ്രാസാണ് ഗ്രൗണ്ടിലുപയോഗിച്ചിരിക്കുന്നത്. നിലവില്‍ ഇത് ഗ്രൗണ്ടില്‍ വച്ചുപിടിപ്പിക്കുന്നതിന്റെ പണികള്‍ പൂര്‍ത്തിയായി. ഒരേസമയം രണ്ടായിരത്തില്‍പ്പരം കാണികളെ ഉള്‍ക്കൊള്ളാവുന്ന ഗാലറിയുടെ ടെന്‍സൈല്‍ റൂഫിംഗിന്റെ പണികളും പുരോഗമിക്കുന്നു.
സജ്‌ജീകരണങ്ങള്‍
ഗ്രൗണ്ട് പരിപാലനത്തിനായി സ്‌പ്രിംക്ലര്‍ സംവിധാനം. ദിവസേന 20,000 ലിറ്റര്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനായി അണ്ടര്‍ഗ്രൗണ്ട് വാട്ടര്‍ ടാങ്കും പമ്പ് റൂമും, 77500 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടിന് പുറമേ മഡ് വോളിബാള്‍ കോര്‍ട്ട്, ക്രിക്കറ്റ് പ്രാക്‌ടീസ് പിച്ച്, എയര്‍കണ്ടീഷന്‍ഡ് ഇന്‍ഡോര്‍ ജിം, വസ്‌ത്രം മാറാനുള്ള മുറികള്‍, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയ ഉള്‍കൊള്ളിച്ചാണു പണികള്‍ പുരോഗമിക്കുന്നതെന്നു ജോബ് മൈക്കിള്‍ എം.എല്‍.എ. പറഞ്ഞു.
എ.ജെ. ഖാന്‍
ചങ്ങനാശേരി