-->
കോട്ടയം: കര്‍ഷകരുടെയും വ്യാപാരികളുടെയും ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും കേട്ടും പരിഹാരങ്ങള്‍ പറഞ്ഞും എല്‍.ഡി.എഫ്. മധ്യമേഖലാ ജാഥയുടെ ജില്ലയിലെ ആദ്യ മുഖാമുഖം. വര്‍ഗീയതയും വിഭാഗീയതയും അവസാനിപ്പിക്കാന്‍ ഇടതുപക്ഷം മുന്നില്‍നില്‍ക്കണമെന്നു ജുമാഅത്ത് അസോസിയേഷന്‍ വൈസ ്‌പ്രസിഡന്റ് മുഹമ്മദ് സക്കീര്‍ ആവശ്യപ്പെട്ടു.
വഴിയോര കച്ചവടക്കാര്‍ക്കു പ്രത്യേക ക്രമീകരണം ഒരുക്കണമെന്നായിരുന്നു വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി ആവശ്യപ്പെട്ടത്. റീട്ടെയില്‍ വ്യാപാരമേഖലയെ സംരക്ഷിക്കണം.
വിദ്വേഷ പ്രസംഗകരെ പൂട്ടാന്‍ നിയമനിര്‍മാണം നടത്തണമെന്നായിരുന്നു ചങ്ങനാശേരി പുതൂര്‍പള്ളി ചീഫ് ഇമാം ഷിഫാര്‍ മൗലവിയുടെ ആവശ്യം.ദുരന്തനിവാരണത്തില്‍ കുട്ടികളുടെ ആശയങ്ങളും ഉള്‍പ്പെടുത്തണമെന്നു മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ പ്ലസ്‌ടു വിദ്യാര്‍ഥിനി എ. ദേവനന്ദ ആവശ്യപ്പെട്ടു.
ദുക്രാന തിരുനാള്‍ അവധിയാക്കണമെന്നു ക്രൈസ്‌തവ സമുദായ പ്രതിനിധി അമല്‍ സിറിയക് ആവശ്യപ്പെട്ടു. മുമ്പ് അവധിയായിരുന്നു. പക്ഷേ കോണ്‍ഗ്രസ് ഭരണകാലത്ത് അവധി ഒഴിവാക്കിയെന്നും അമല്‍ പറഞ്ഞു.
ബെഞ്ചമിന്‍ ബെയ്‌ലി മ്യൂസിയം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കോട്ടയം സി.എം.എസ് കോളജ് വൈസ്‌പ്രിന്‍സിപ്പല്‍ റീനു ജേക്കബ് ആവശ്യപ്പെട്ടു. കോട്ടയം നഗരത്തില്‍ മള്‍ട്ടി സ്‌റ്റോറി പാര്‍ക്കിങ് വേണമെന്നായിരുന്നു ഫാ. എമില്‍ പുള്ളിക്കാട്ടിലിന്റെ ആവശ്യം. അമച്വര്‍ കലാസ്‌ഥാപനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതി രൂപകരിക്കേണ്ടതിന്റെ ആവശ്യകത നടിയും സാംസ്‌കാരികപ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ ചൂണ്ടിക്കാട്ടി. കോട്ടയത്തെ ഉള്‍നാടന്‍ ജലപാതകള്‍ വികസിപ്പിച്ചാല്‍ കൂടുതല്‍ യാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്ന് നാട്ടകം പോര്‍ട്ട് എം.ഡി എബ്രഹാം വര്‍ഗീസ് പറഞ്ഞു.
രാത്രി പത്തിനുശേഷം പരിമിതമായ അളവില്‍ സ്‌പീക്കറുപയോഗിച്ച് കലാപരിപാടികള്‍ നടത്താന്‍ അനുമതി വേണമെന്ന് പ്രദീപ് മാളവിക ആവശ്യപ്പെട്ടു. കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ക്കും ഡേ കെയറുകള്‍ക്കുമായി പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കണമെന്ന് സിഡ്‌നി മോണ്ടിസോറി സ്‌കൂള്‍സ് എം.ഡി. ജെ. ജോസഫ് ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍ക്ക് ജാഥാ ക്യാപ്‌റ്റന്‍ ജോസ് കെ. മാണി എം.പി. മറുപടി പറഞ്ഞു. പി.കെ. ബിജു സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങള്‍ക്കു പുറമെ മന്ത്രി വി.എന്‍. വാസവന്‍, കെ.ജെ. തോമസ്, കെ. അനില്‍കുമാര്‍, ലോപ്പസ് മാത്യു, മറ്റ് എല്‍.ഡി.എഫ്. നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.