-->
വെള്ളിയാമറ്റം: വിവിധ ഹിന്ദു സമുദായ സംഘടനകളും ക്ഷേത്ര കമ്മിറ്റികളും ചേര്‍ന്ന് വെള്ളിയാമറ്റത്ത് സംഘടിപ്പിച്ച ഹിന്ദു മഹാസംഗമം - സനാതനം 2026 -ആവേശമായി. ഹിന്ദു മതത്തിലെ ജാതീയത ഇല്ലാതാക്കി സമത്വവും സാഹോദര്യവും വളര്‍ത്തുകയാണ് സനാതനം 2026 ന്റെ ലക്ഷ്യം. സംഗമത്തിന് മുന്നോടിയായി ഇളംദേശത്ത് നിന്നും ആരംഭിച്ച ശോഭായാത്രയില്‍ പതിനൊന്ന് സാമുദായിക സംഘടനയില്‍പ്പെട്ടവര്‍ അവരവരുടെ സംഘടനയുടെ കൊടിയുമേന്തിയാണ് പങ്കെടുത്തത്.
തുടര്‍ന്ന് വെള്ളിയാമറ്റം ഭഗവതി ക്ഷേത്ര മൈതാനത്ത് ചേര്‍ന്ന ആധ്യാത്മീക സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ജി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠം സ്വാമി വേദാമൃതാനന്ദപുരി ആധ്യാത്മീക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഹിന്ദു സമൂഹം ഒരുമിക്കേണ്ട സമയം അതിക്രമിച്ചെന്ന് അദ്ദേഹം വ്യക്‌തമാക്കി. കേരള വിശ്വബ്രഹ്‌മ ശങ്കരാചാര്യ പീഠധീശ്വര്‍ ദണ്ഡിസ്വാമി സാധുകൃഷ്‌ണാന്ദസരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ധര്‍മ്മത്തെ അനുസരിച്ചു ജീവിക്കുവാന്‍ ഓരോ ഹിന്ദു കുടുംബവും തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിവിധ ഹിന്ദു സമുദായ സംഘടന പ്രധിനിധികള്‍, ക്ഷേത്ര ഭരണസമതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണം അതാത് ക്ഷേത്രങ്ങളുടെ വിശ്വാസികളെ ഏല്‌പിക്കുകയും ക്ഷേത്ര വരുമാനം ക്ഷേത്ര വിശ്വാസികള്‍ക്ക് ഉപകാരപ്രദമായി വിനിയോഗിക്കുക, ശബരിമലയില്‍ അരയ വിഭാഗത്തിന് നേരത്തെ ഉണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്‌ഥാപിച്ചു കൊടുക്കുക എന്നീ സുപ്രധാന പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ആത്മീയ സമ്മേളനത്തിനു ശേഷം മാതൃക ഹിന്ദു കുടുംബം എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്‌ഥാന വൈസ് പ്രസിഡന്റ് ഇ.എസ് ബിജു പ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ബിജു കുറിഞ്ഞാങ്കല്‍, ജോയിന്റ് കണ്‍വീനര്‍ മുരളി പത്മാലയം, കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ വെള്ളിയാമറ്റം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.