-->
മൂന്നാര്‍: നാല് പതിറ്റാണ്ടായുള്ള സി.പി.എം. ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന എസ്. രാജേന്ദ്രനായി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ മൂന്നാര്‍ ടൗണ്‍ സ്‌തംഭിച്ചു.
മൂന്നാര്‍ മുസ്ലിം പള്ളിക്ക് സമീപം നിന്നും ആരംഭിച്ച പ്രകടനം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒരു മണിക്കൂറോളം സമയമെടുത്താണ് പ്രകടനം പൊതുസമ്മേളന വേദിയിലേക്ക് എത്തിയത്. രണ്ടായിരത്തോളം വരുന്ന പ്രവര്‍ത്ത കരുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പിയുടെ ആദ്യ പൊതുപരിപാടിയില്‍ എസ്. രാജേന്ദ്രന്‍ പങ്കെടുത്തത്.
ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരണ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ആയിരത്തിലധികം പേരെ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയിലേക്ക് അംഗത്വം നല്‍കി സ്വീകരിച്ചു.
ദേവികുളം മണ്ഡലത്തിന് ഇത്തവണത്തെ ഇലക്ഷന്‍ നിര്‍ണായകമെന്നും ആ ഇലക്ഷനെ എസ്.രാജേന്ദ്രന്‍ നയിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വീകരണത്തില്‍ സി.പി.എമ്മിനെതിരെ എസ്. രാജേന്ദ്രന്‍ തുറന്നടിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലം ഒന്നും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ സി.പി.എം തന്നെ വിലക്കി. 40 വര്‍ഷത്തെ പൊതുപ്രവര്‍ത്തനം കൊണ്ട് താനൊന്നും നേടിയിട്ടില്ലെന്നും സോഷ്യല്‍ ഓഡിറ്റിന് തയ്യാറാണെന്നും എസ് രാജേന്ദ്രന്‍ വ്യക്‌തമാക്കി. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പണംകൊണ്ടാണ് സി.പി.എം നേതാക്കള്‍ യാത്ര ചെയ്യുന്നത്. മൂന്നാര്‍ സഹകരണ ബാങ്കിലെ അഴിമതിയടക്കം അന്വേഷിക്കാന്‍ ഇ.ഡിയെ നിയോഗിക്കണമെന്നും എസ് രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
സി.പി.എം. നേതാക്കളുടെ വെല്ലുവിളി തന്നെയോ ഒപ്പമുള്ളവരേയോ ഭയപ്പെടുത്തുന്നില്ലെന്നും തനിക്കല്ല താന്‍ കഷ്‌ടപ്പെട്ടതുകൊണ്ട് സി.പി.എം സെക്രട്ടേറിയറ്റ് അംഗത്തിനും അയാളുടെ ഭാര്യയ്‌ക്കുമടക്കം പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐ വിട്ട് ബി.ജെ.പിയിലെത്തിയ ദേവികുളം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌് ജി.എന്‍. ഗുരുനാഥനെയും യോഗത്തില്‍ സ്വീകരിച്ചു. ബി.ജെ.പി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, എന്‍.ഡി.എ സംസ്‌ഥാന ചെയര്‍മാന്‍ എ.എന്‍ രാധാകൃഷ്‌ണന്‍, ബി.ജെ.പി ആലപ്പുഴ മേഖല പ്രഭാരി എന്‍. ഹരി, യുവമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ് മനു പ്രസാദ്, ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വര്‍ഗീസ് തുടങ്ങി സംസ്‌ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്തു.