-->
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ വ്യാപക പരിശോധന. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ പെരുമ്പാവൂര്‍ എസ്‌പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലങ്ങള്‍, ലോഡ്‌ജുകള്‍, മാര്‍ക്കറ്റ്, ബസ്സുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവരും പങ്കുചേര്‍ന്നു. നൂറിലേറെ പോലീസ് ഉദ്യോഗസ്‌ഥരും, എക്‌സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകളും, രേഖകളില്ലാതെ താമസിച്ച മൂന്ന് സ്‌ത്രീകളെ ലോഡ്‌ജില്‍ നിന്നും പിടികൂടി.
പെരുമ്പാവൂരിലും, പരിസരപ്രദേശങ്ങളിലും താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നതിനായി തദ്ദേശവാസികളെയും ബന്ധപ്പെട്ട വകുപ്പുകളെയും സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ജില്ലാ പൊലീസ് ആസ്‌ഥാനത്ത് നടത്തിയ യോഗം തീരുമാനിച്ചു. തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന്- മദ്യം, മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് സമഗ്രമായ് അന്വേഷിച്ച് നടപടിയെടുക്കും. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വിവരശേഖരണം നടത്തുകയും അവര്‍ക്കിടയിലുള്ള മറ്റു പ്രശ്‌നങ്ങള്‍ പഠിക്കും.
ശക്‌തമായ ബോധവല്‍ക്കരണം നടത്തും. തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച പഠനസഭ സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നതിന് കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോല്‍ക്കരണവും നടത്തും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലോഡ്‌ജുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
സമിതി എല്ലാ മാസവും ആദ്യ ആഴ്‌ചയില്‍ പെരുമ്പാവൂര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസില്‍ വച്ച് യോഗം ചേരും. പ്രതിമാസയോഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്‌ഥാനത്തില്‍ പോലീസ് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും.