-->
കോഴിക്കോട്: പരിസ്‌ഥിതി സംരക്ഷണത്തിനും സാമൂഹിക പ്രതിബദ്ധതയ്‌ക്കും മാതൃകയാകുന്ന പ്രവര്‍ത്തനവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ കൈതപ്പൊയില്‍ പുഴയോരം ശുചീകരിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്ലീനിങ് ഡ്രൈവ് ശ്രദ്ധേയമായി. കൈതപ്പോയില്‍ ലിസ കോളജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ക്കുള്ള ലീഡേഴ്‌സ് ക്യാമ്പിന്റെ ഭാഗമായി പുഴയില്‍ കെട്ടിക്കിടന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങളും മറ്റ് അഴുക്കുകളും നീക്കം ചെയ്‌ത് പരിസ്‌ഥിതി സൗഹൃദ സന്ദേശം സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു വിദ്യാര്‍ഥികള്‍. പ്രകൃതിയെ സംരക്ഷിക്കുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് പ്രവര്‍ത്തനം ഓര്‍മ്മിപ്പിച്ചു.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ നമ്മുടെ ജലസ്രോതസുകളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള യുവജന ഇടപെടലുകള്‍ അത്യന്താപേക്ഷിതമാകുന്നത്. എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ കാഴ്‌ചവെച്ച സാമൂഹിക പ്രതിബദ്ധതയും സംഘാടകശേഷിയും അഭിനന്ദനാര്‍ഹമാണ്. പഞ്ചായത്തും യുവജനങ്ങളുമായി ചേര്‍ന്ന് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ബിജു താന്നിക്കാക്കുഴി വ്യക്‌തമാക്കി. ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍, ക്ഷേമകാര്യ സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശരഫുദീന്‍ കെ.കെ, ക്ഷേമകാര്യ സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നാജീയ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, പ്രോഗ്രാം ഓഫീസര്‍മാരായ വി. ശില്‍പ, ലിജോ ജോസഫ്, ആര്‍. സ്വരൂപ്, പാര്‍വതി എന്നിവര്‍ നേതൃത്വം നല്‍കി.