-->
അമ്പലപ്പുഴ: ഒരു വ്യാഴവട്ടത്തിനുശേഷം അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ പള്ളിപ്പാന ചടങ്ങിന് തുടക്കമായി. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അതിപുരാതന ക്ഷേത്രാചാരമായ പള്ളിപ്പാനക്കാണ് ഇന്നലെ തുടക്കമായത്. 15 ദിവസങ്ങളിലായി 25 ചടങ്ങുകളാണ് ക്ഷേത്രാങ്കണത്തില്‍ നടക്കുക. ദേവചൈതന്യത്തിന് സംഭവിച്ച ദോഷങ്ങള്‍ മാറുവാനുള്ള ചടങ്ങുകളാണ് പള്ളിപ്പാനയില്‍ നടക്കുന്നത്.
ക്ഷേത്രക്കുളത്തിന് തെക്ക് ഭാഗത്താണ് ചടങ്ങുകള്‍ നടക്കുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങുകള്‍ തനിമ നഷ്‌ടപ്പെടാതെ നടക്കും. ഓത്തും മുറോത്തുമാണ് പ്രധാന ചടങ്ങുകള്‍. ഇതോടൊപ്പം അത്യപൂര്‍വ്വമായ നിരവധി ചടങ്ങുകളും അരങ്ങേറും. രാവിലെ ഏഴിന് പള്ളിപ്പാനയുടെ മുഖ്യ അവകാശിയായ കോമന വേലന്‍ പറമ്പ് സി. ഹരിദാസിന്റെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കു ശേഷം ഇവിടെനിന്ന് കുത്തുവിളക്കുമായി കൂത്താടികള്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി. കിഴക്കേ നടയില്‍ സംഘത്തെ ദേവസ്വം ബോര്‍ഡ് അധികൃതരും ഉപദേശക സമിതി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ഇതിന് ശേഷം രാവിലെ 9.25നും 10.05നും മധ്യേ കാപ്പുകെട്ട് ചടങ്ങോടെയാണ് പള്ളിപ്പാനയുടെ കര്‍മ്മങ്ങള്‍ ആരംഭിച്ചത്.
ദേവചൈതന്യം ആവാഹിച്ച കോയിമ്മവടിയാണ് പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിക്കുക. ഇടുപണ ബലി, രക്ഷാകലശ പൂജ, തട്ടുബലി,അന്തിപ്പേ കാവലേറല്‍, പാനപിടുത്തം, ബ്രഹ്‌മന്‍ പുറപ്പാട്, നിണബലി, കിടങ്ങു ബലി,കാലന്‍ കോലം,ശാസ്‌താം പുറപ്പാട്,ചെറിയ കൂമ്പ് ബലി,വലിയ കൂമ്പ് ബലി, ആഴിപ്പേ, ദിക്കു ബലി, അടവി വരവ്, മധു എഴുന്നള്ളിപ്പ്, കാളിയും ദാരികനും വരവ്, പുറക്കളത്തില്‍ ഗുരുതി,കാപ്പഴിക്കലും കോഴിയെ പുറത്തെടുക്കലും, ഗുരുതി, ഭാരതം തുള്ളല്‍ എന്നിവയാണ് അനുബന്ധ ചടങ്ങുകള്‍. ഒരു വ്യാഴവട്ടത്തിനുശേഷം കണ്ണന്റ സന്നിധിയില്‍ നടക്കുന്ന ഈ ചടങ്ങ് ദര്‍ശിക്കാന്‍ ആദ്യ ദിവസം തന്നെ നാടിന്റെ നാനാ ഭാഗത്തു നിന്നായി ആയിരക്കണക്കിന് ഭക്‌തരാണ് ക്ഷേത്രത്തിലെത്തിയത്.