Wednesday, March 11, 2026 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.09 AM

വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌: മടക്കിമലയിലെ ഭൂമി പരിഗണിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി

കല്‍പ്പറ്റ: വയനാട്‌ ഗവ.മെഡിക്കല്‍ കോളജിന്‌ കല്‍പ്പറ്റയ്‌ക്കടുത്ത്‌ മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്‌റ്റില്‍ നിന്നു ഏറ്റെടുത്ത ഭൂമി പരിഗണിക്കണമെന്ന സ്‌റ്റേറ്റ്‌ ഹ്യൂമന്‍ റൈറ്റ്‌സ് പ്ര?ട്ടക്ഷന്‍ സെന്ററിന്റെ(എസ്‌.എച്ച്‌.ആര്‍.പി.സി) ആവശ്യം സര്‍ക്കാര്‍ നിരസിച്ചു.
ഗവ.മെഡിക്കല്‍ കോളജ്‌ മാനന്തവാടിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാലും അധ്യയനവും ചികിത്സാസൗകര്യങ്ങളും അവിടെ കേന്ദ്രീകരിച്ചതിനാലും എസ്‌.എച്ച്‌.ആര്‍.പി.സിയുടെ ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന്‌ സര്‍ക്കാര്‍ ഈയിടെ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ കോളജ്‌ വികസനത്തിന്‌ മാനന്തവാടി അമ്പുകുത്തിയില്‍ 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന്‌ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഉത്തരവിലുണ്ട്‌.
ഗവ. മെഡിക്കല്‍ കോളജ്‌ മടക്കിമലയില്‍ സ്‌ഥാപിക്കുന്നതിന്‌ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ എസ്‌.എച്ച്‌.ആര്‍.പി.സി ഹൈക്കോടതിയില്‍ 24749/2025 നമ്പറായി റിട്ട്‌ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത്‌ പരിഗണിച്ച കോടതി ഹര്‍ജിയിലെ ആവശ്യങ്ങള്‍ പരിശോധിച്ച്‌ മൂന്നു മാസത്തിനകം നിയമാനുസൃത തീരുമാനമെടുക്കാന്‍ 2025 ജൂലൈ 14ന്‌ ഉത്തരവായി. ഇതിനു പിന്നാലെ, മെഡിക്കല്‍ കോളജിന്‌ സ്‌ഥിരനിര്‍മാണം മടക്കിമലയില്‍ നടത്തണമെന്ന ആവശ്യവുമായി എസ്‌.എച്ച്‌.ആര്‍.പി.സി സര്‍ക്കാരിന്‌ നിവേദനം നല്‍കി.
കോടതി ഉത്തരവ്‌ നടപ്പാക്കിയും നിവേദനത്തിലെ ആവശ്യം നിരാകരിച്ചുമാണ്‌ സര്‍ക്കാര്‍ ഉത്തരവ്‌. വൈത്തിരി താലൂക്കിലെ കോട്ടത്തറ വില്ലേജില്‍പ്പെട്ട മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്‌റ്റ് കേരള ഭൂമി വിട്ടൊഴിയല്‍ നിയമപ്രകാരം ലഭ്യമാക്കിയ 50 ഏക്കറില്‍ ഉപാധികളോടെ മെഡിക്കല്‍ കോളജ്‌ നിര്‍മിക്കുന്നതിന്‌ 2013 ഒകേ്‌ടാബര്‍ ഒന്നിലെ 401/2013 നമ്പര്‍ ഉത്തരവ്‌ പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജിന്‌ മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പൊതുമരാമത്ത്‌ വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ 2018ലെ പ്രളയത്തെത്തുടര്‍ന്ന്‌ ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയിലെ ഉദ്യോഗസ്‌ഥര്‍ ജില്ലയില്‍ പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന്‌ മടക്കിമലയില്‍ മെഡിക്കല്‍ കോളജ്‌ സ്‌ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. മടക്കിമലയിലെ ഭൂമി 35 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ളതാണ്‌.
കെ.എസ്‌.ഡി.എം.എയുടെ ഹസാര്‍ഡ്‌ സൊണേഷന്‍ മാപ്പ്‌ പ്രകാരം ഭൂമി ഓറഞ്ച്‌ സോണിലാണ്‌. സ്‌ഥലത്തേക്ക്‌ രണ്ട്‌ കിലോമീറ്ററോളം അപ്രോച്ച്‌ റോഡും രണ്ട്‌ കലുങ്കും സംരക്ഷണ ഭിത്തിയും നിര്‍മിക്കേണ്ടതുണ്ട്‌. റോഡിന്റെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിന്‌ താരതമ്യേന ചെലവ്‌ കൂടും എന്നിങ്ങനെ പരാമര്‍ശങ്ങളായിരുന്നു റിപ്പോര്‍ട്ടിലെന്ന്‌ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
മടക്കിമലയിലെ ഭൂമി മെഡിക്കല്‍ കോളജിന്‌ ഉപയോഗപ്പെടുത്തേണ്ടെന്നു തീരുമാനിച്ച സര്‍ക്കാര്‍ ജില്ലാ കളക്‌ടര്‍ നിര്‍ദേശിച്ച മറ്റു സ്‌ഥലങ്ങള്‍ പരിഗണിച്ചെങ്കിലും നിയമതടസം മൂലം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്‌ മാനന്തവാടി ജില്ലാ ആശുപത്രിയെ തത്‌കാലം മെഡിക്കല്‍ കോളജ്‌ ആശുപത്രിയായി ഉയര്‍ത്തി 2021 ഫെബ്രുവരി 12ന്‌ ഉത്തരവായത്‌. ജില്ലാ ആശുപത്രിക്ക്‌ നബാര്‍ഡ്‌ സഹായത്തോടെ നിര്‍മിച്ച കെട്ടിടത്തിന്റെ ഏഴ്‌ നിലകളില്‍ ചിലതും ആശുപത്രിയുടെ ഭാഗമായ മെഡിസിന്‍ വാര്‍ഡും പ്രയോജനപ്പെടുത്തി 2025 മുതല്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്‌ പഠനം ആരംഭിച്ചിട്ടുണ്ട്‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രതിമാസം 51,000ല്‍ അധികം രോഗികള്‍ക്ക്‌ ഒ.പി സേവനവും 1,500ല്‍പരം പേര്‍ക്ക്‌ ഐ.പി സേവനവും ലഭ്യമാക്കുന്നുണ്ട്‌.
മടക്കിമലയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളജ്‌ സ്‌ഥാപിക്കാത്തതിനാല്‍ ഭൂമി തിരികെ ലഭ്യമാക്കണമെന്ന ആവശ്യവുമായി ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്‌റ്റ് ഹൈക്കോടതിയില്‍ 1480/2020 നമ്പറായി ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ ഹര്‍ജിക്കാരനെ നേരില്‍ക്കേട്ട്‌ രണ്ട്‌ മാസത്തിനകം ഉത്തരവാകണമെന്ന്‌ 2020 ജനുവരി 20ന്‌ കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശം നടപ്പാക്കിയ സര്‍ക്കാര്‍ കണ്ണൂര്‍ ലാന്‍ഡ്‌ട്രൈബ്യൂണല്‍ അപ്‌ലെറ്റ്‌ അഥോറിറ്റി മുമ്പാകെ സമര്‍പ്പിച്ച അപ്പീലില്‍ തീരുമാനമായിട്ടില്ല. മടക്കിമലയിലെ ഭൂമി മെഡിക്കല്‍ കോളജിന്‌ വീണ്ടും ഏറ്റെടുക്കണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കില്ലെന്ന നിലപാടിലാണ്‌ സര്‍ക്കാര്‍. ഇക്കാര്യവും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്‌.

Ads by Google
Advertisement
Sunday 08 Feb 2026 11.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW